നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സേവന നിരക്ക് വര്‍ധനക്കെതിരേ മുസ്ലിം ലീഗ് രംഗത്ത്
1489361
Monday, December 23, 2024 2:55 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സേവന നിരക്ക് വര്‍ധിപ്പിച്ച ജില്ലാ പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് മുസ്ലിം ലീഗ്. ആശുപത്രി എച്ച്എംസി യോഗം ഒറ്റക്കെട്ടായി എടുത്ത ജനവിരുദ്ധ നിലപാടിനെതിരെയാണ് നിലമ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തുവന്നത്. മുസ്ലിം ലീഗ് അംഗം എം.കെ. റഫീഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ് ജില്ലയിലെ ജില്ലാ ആശുപത്രികളില്‍ സേവന നിര്ക്ക് ഏകീകരിക്കുക എന്ന പേരില്‍ വലിയ തോതില്‍ സേവന നിര്ക്ക് വര്‍ധിപ്പിച്ചത്. വിവിധ സംഘടനകള്‍ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും ജില്ലാ പഞ്ചായത്ത് ഈ ജനവിരുദ്ധ നിലപാട് മാറ്റാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ മുസ്ലിം ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തന്നെ രംഗത്ത് വന്നത് ശ്രദ്ധേയമായി.
നിലമ്പൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ അന്യായമായി വര്‍ധിപ്പിച്ച പ്രവേശന ഫീസും ഒപി ടിക്കറ്റ് ഫീസും ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നിലമ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന് കൈമാറി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആയിരക്കണക്കിന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ നിത്യേന ആശ്രയിക്കുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒറ്റയടിക്ക് നാലിരട്ടിയോളം ഫീസ് വര്‍ധനവ് വരുത്തിയത് അംഗീകരിക്കില്ലെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി.
അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ ഫീസ് കളക്ഷന്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ലീഗ് തീരുമാനം. ആശുപത്രിയില്‍ നിര്‍ബന്ധമായും ലഭ്യമാകേണ്ട മരുന്നുകള്‍ പോലും പുറമേനിന്ന് വാങ്ങേണ്ട സാഹചര്യമുണ്ട്. സര്‍ക്കാര്‍ നല്‍കേണ്ട സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാത്തതിനാല്‍ ആശുപത്രിയിലെ സൗജന്യ സേവനങ്ങള്‍ മുടങ്ങുന്നു. ആശുപത്രി വികസനകാര്യത്തിലും ഡോക്ടര്‍മാരെ നിയമിക്കുന്നിടത്തും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും മുസ്ലിം ലീഗ് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണെന്നും നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. സി.എച്ച്. ഇഖ്ബാല്‍, മച്ചിങ്ങല്‍ കുഞ്ഞു, ഷംസു കൊമ്പന്, റഷീദ് വരിക്കോടന്‍, ജസ്മല്‍ പുതിയറ, സീതിക്കോയ തങ്ങൾ, നാസര്‍ കാങ്കട, വി.പി. അബ്ദുറഹ്മാന് തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. നിലമ്പൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എച്ച്എംസി യോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയാണ് എച്ച്എംസി യോഗം സേവന നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്.