നക്ഷത്രവും പുല്ക്കൂടുമൊരുങ്ങി; മലയോര കുടിയേറ്റ മേഖല ക്രിസ്മസ് ആഘോഷനിറവില്‍
1489633
Tuesday, December 24, 2024 5:53 AM IST
കാളികാവ്: എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകമായ പുല്‍ക്കൂടൊരുക്കി ക്രൈസ്തവര്‍ നാളെ ക്രിസ്മസ് ആലോഷിക്കും. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജീവിതം ദുരിതപൂര്ണമാക്കുമ്പോഴും പാരമ്പര്യങ്ങളൊന്നും കൈവിടാതെ തന്നെ ഇക്കുറിയും ക്രിസ്മസ് ആഘോഷിക്കുകയാണ് കുടിയേറ്റ മേഖലയിലെ ക്രൈസ്തവര്‍.
കാളികാവ് സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍ ഇന്ന് രാത്രി 12 ന് പാതിരാ കുര്ബാനക്കും 25ന് രാവിലെ ഏഴിനു വിശുദ്ധ കുര്ബാനക്കും വികാരി ഫാ. റോയി കൂനാനിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
അടക്കാകുണ്ട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ രാത്രി 12നു തിരുപ്പിറവിയുടെ വിശുദ്ധ കുര്ബാനക്കും രാവിലെ ഏഴിന് വിശുദ്ധ കുര്ബാനക്കും ഫാ. നിര്‍മല്‍ പുലയന്‍പറമ്പില്‍ നേതൃത്വം നല്‍കും. വിവിധയിടങ്ങളില്‍ ഇന്നലെയും ക്രിസ്മസ് ആഘോഷം സജീവമായിരുന്നു.
വണ്ടൂര്‍: വണ്ടൂര്‍ പോലീസ് സ്റ്റേഷന്, ഹോമിയോ കാന്‍സര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്രിസ്മസ് കരോള്‍ സംഘമെത്തി ആശംസകള്‍ നേര്‍ന്നു. കരോള്‍ ഗാനാലപനത്തിനു ശേഷം ക്രിസ്മസ് സന്ദേശവും കേക്കും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. വണ്ടൂര്‍ ക്രൈസ്റ്റ് ലൂഥറന്‍ ചര്‍ച്ചിന്റെ നേതൃത്വത്തിലാണ് ഇത്തവണ ക്രിസ്മസ് ആഘോഷം വേറിട്ടുനിന്നത്. ചര്‍ച്ച് വികാരി ഫാ.പ്രശാന്ത് രാജിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനിലും ഹോമിയോ കാന്‍സര്‍ ആശുപത്രിയിലുമെത്തിയത്. സുശീല്‍ പീറ്റര്‍, സി.എം. മാര്ട്ടിന്, മോഹന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മേലാറ്റൂര്‍: മേലാറ്റൂര്‍ ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയല്‍ സ്കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ മാത്യു സെബാസ്റ്റ്യന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എച്ച്എം കെ. വനജ, പിടിഎ വൈസ് പ്രിസിഡന്റ് ജയന് ബാബു, സ്കൂള്‍ ലീഡര്‍ പി.പി. അയാന യാസിന്, അധ്യാപകരായ കെ.ആര്. അനില്‍, സി.എച്ച്. മുസ്ബിന്‍, എന്‍. സുകന്യ, വി. സരിത തുടങ്ങിയവര്‍ നേതൃത്വം നല്കി.
നിലമ്പൂര്‍: യേശുദേവന്റെ തിരുപ്പിറവി സന്ദേശവുമായി നാടെങ്ങും ക്രിസ്മസ് കാരോള്‍ സജീവമായി. ഇടിവണ്ണ സെന്റ്തോമസ് ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടത്തിയ കരോള്‍ പരിപാടികള്‍ ശ്രദ്ധേയമായി. പാറേക്കാട് ലിറ്റില്‍ ഫ്ളവര്‍ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ കരോള്‍ പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജോസ് പാറപ്പുറം, പുത്തന്‍വീട്ടില്‍ മോഹന്‍, അരുമായില്‍ ജോയി, ജോസ് വിളയില്‍, സെബാസ്റ്റ്യന്‍ പാറപ്പുറം, ഷാജി എടക്കാട്ട്, സിസിലി പാറപ്പുറം, അല്‍ഫോന്‍സ താന്നിക്കല്‍, ഷേര്‍ളി വിളയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കരുവാരകുണ്ട്: കരുവാരകുണ്ട് ഹോളി ഫാമിലി ഫൊറോന പള്ളി ഇടവകയിലെ ഭവനങ്ങളില്‍ തിരുപിറവിയുടെ സന്ദേശമറിയിച്ച് കരോള്‍ സംഘമെത്തി. ഫൊറോന വികാരി ഫാ.തോമസ് പൊരിയത്തിന്റെ നിര്‍ദേശ പ്രകാരം വാര്ഡുതലത്തിലാണ് സന്ദര്‍ശനം നടത്തിയത്. വാദ്യമേളങ്ങളും ഭക്തിഗാനങ്ങളും ക്രിസ്മസ് പപ്പായുടെ ഡാന്‍സുമെല്ലാം കാണികളില്‍ ആവേശമുയര്‍ത്തി. വാര്‍ഡ് പ്രസിഡന്റുമാരുടെ നിര്‍ദേശം അനുസരിച്ച് ചിട്ടയായാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ക്രിസ്തീയ ഭവനങ്ങളിലും മറ്റും ഹൃദ്യമായ വരവേല്‍പ്പാണ് കരോള്‍ സംഘത്തിന് നല്‍കിയത്.
കരുവാരകുണ്ട് : വീട്ടികുന്ന് സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ ഇന്ന് വൈകുന്നേരം ആറുമണിയോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വികാരി ഫാ.ജോര്‍ജ് ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ തീ ഉഴലിച്ച ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടക്കും. സമാപന ആശിര്‍വാദത്തിനു ശേഷം എംസിവൈഎം, എംസിഎംഎഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനാലാപന മത്സരവും ഉണ്ടായിരിക്കും.