തിരൂര്‍ അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
1489629
Tuesday, December 24, 2024 5:53 AM IST
തിരൂര്‍: മന്ത്രിമാരായ വി. അബ്ദുറഹിമാന്, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന "കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തില്‍ ആകെ ലഭിച്ചത് 787 പരാതികള്‍. അദാലത്തിനു മുമ്പായി ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 510 പരാതികളും അദാലത്ത് ദിവസം 277 പരാതികളും ലഭിച്ചു. മുന്‍കൂര്‍ ലഭിച്ചവയില്‍ 166 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി.
ഇവയില്‍ 27 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. അദാലത്ത് ദിവസം ലഭിച്ചത് ഉള്‍പ്പെടെ അവശേഷിക്കുന്ന പരാതികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അദാലത്ത് വേദിയില്‍ വച്ച് 12 പേര്‍ക്ക് എഎവൈ, ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കുറുക്കോളി മൊയ്തീന് എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, എഡിഎം എന്‍.എം. മെഹ്റലി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാത്തിരിപ്പിന് വിരാമം; സമീറയ്ക്ക് ബിപിഎല്‍ കാര്‍ഡായി
തിരൂര്‍: കല്പകഞ്ചേരി സ്വദേശിയായ സമീറയുടെ കാലങ്ങളായുള്ള എപിഎല്‍ കാര്‍ഡ്, ബിപിഎല്‍ ആക്കി മാറ്റുന്നതിനുള്ള അലച്ചിലിന് അദാലത്തില്‍ പരിഹാരം. ഭിന്നശേഷിക്കാരനായ മകനുമായാണ് സമീറ അദാലത്തില്‍ എത്തിയത്. വീട് 1100 ചതുരശ്ര അടിയുണ്ട് എന്ന കാരണം പറഞ്ഞാണ് അപേക്ഷ നിരസിക്കപ്പെട്ടിരുന്നത്. ഭിന്നശേഷിക്കാരനും രോഗിയുമായ മകന് ചികിത്സാസംബന്ധമായ ചെലവുകള്‍ക്ക് ഇളവ് ലഭിക്കുക എന്നതായിരുന്നു കാര്‍ഡ് മാറുന്നതിലൂടെ സമീറ ആഗ്രഹിച്ചത്. നിരന്തരം ഫിസിയോതെറാപ്പിയും രക്തസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയുമാണ് മകന് ആവശ്യം വരുന്നത്.
ഭര്‍ത്താവായ അബ്ദുള്‍ റഹ്മാന് കൂലിപ്പണിക്കൊണ്ടു കിട്ടുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. അസുഖബാധിതനായ മകനടക്കം രണ്ടു മക്കളാണ് സമീറയ്ക്കുള്ളത്. നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും പരിഹാരമാകാതിരുന്നതിനാലാണ് അദാലത്തില്‍ എത്തിയത്. കാര്‍ഡ് ഉടന്‍ ബിപിഎല്‍ ആക്കി മാറ്റി താമസിയാതെ സമീറക്ക് നല്‍കണമെന്ന നിര്‍ദേശമാണ് മന്ത്രി വി. അബ്ദുറഹിമാന് സപ്ലൈ ഓഫീസര്‍ക്ക് നല്‍കിയത്. ഇതോടെ സമീറയുടെ കാത്തിരിപ്പിന് അവസാനമായി.
താനൂര്‍ ഹാര്‍ബര്‍ മാനേജിംഗ് കമ്മിറ്റിയുടെ പരാതിയില്‍ നടപടി
തിരൂര്‍: താനൂര്‍ ഹാര്‍ബറിലെ കാന്റീന് ചട്ടവിരുദ്ധമായി ലേലം നടത്തിയ നടപടി മന്ത്രി വി. അബ്ദുറഹിമാന്റെ ഇടപെടലില്‍ റദ്ദാക്കാന്‍ നിര്‍ദേശം. താനൂര്‍ ഹാര്‍ബര്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ അദാലത്തിലെത്തി നല്കിയ പരാതിയിലാണ് മന്ത്രി ഉടന്‍ നടപടിയെടുത്തത്.
ഹാര്‍ബര്‍ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമപ്രകാരം ലേലം നടത്തണമെന്നായിരുന്നു യോഗതീരുമാനം.
എന്നാല്‍ ഇത് അട്ടിമറിച്ച് അനുമതിയോ മുന്നറിയിപ്പോ കൂടാതെ കാന്റീന് ലേലം നടത്തുകയും ക്ലോസ്ഡ് ടെന്‍ഡര്‍ തുക ഉയര്‍ന്ന തുകയായി പ്രഖ്യാപിച്ച് നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തുവെന്നതായിരുന്നു കെ.സി. യൂസഫിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ അദാലത്തില്‍ ഉന്നയിച്ച പരാതി. പരാതി ശ്രദ്ധയില്‍പെട്ട മന്ത്രി ഹാര്‍ബര്‍ മാനേജിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ നടത്തിയ ലേലം റദ്ദാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.