കുടിവെള്ള പ്രശ്നത്തില്‍ ഒളിച്ചുകളിച്ച് ഗ്രാമപഞ്ചായത്ത്
1489363
Monday, December 23, 2024 2:55 AM IST
കരുവാരകുണ്ട്: ചെമ്പന്കുന്നില് സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഹൈടെക് ജലസംഭരണി തകര്‍ന്ന് ഒരു വര്‍ഷത്തോളമായിട്ടും കരുവാരകുണ്ട് ഗ്രാമപഞ്ചായത്തധികൃതര്‍ ഒളിച്ചുകളി നടത്തുന്നതായി പരാതി ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട വീഴ്ചകളില്‍ അധികൃതര്‍ പരസ്പരം പഴിചാരുന്നതല്ലാതെ പ്രശ്നം പരിഹരിക്കാന്‍ തയാറാകുന്നില്ല.
ഇതേ തുടര്‍ന്ന് കുടിവെള്ളം കിട്ടാതെ നാട്ടുകാര്‍ വലയുകയാണ്. കരുവാരകുണ്ടില്‍ അനുഭവപ്പെട്ട വരള്‍ച്ചയിലാണ് ജലസംഭരണി തകരാനിടയായത്. കുടിവെള്ളം ലഭിക്കാതായതോടെ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ രാഷ്ടീയ നിറം നോക്കാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ അണിനിരത്തി ഗ്രാമപഞ്ചായത്ത് മാര്‍ച്ചും ഉപരോധവും നടത്തിയിരുന്നു.
ഗ്രാമപഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ജലമെത്തിച്ചിരുന്ന ജലനിധി പദ്ധതിയുടെ ഒന്നരലക്ഷം ലിറ്ററിന്റെ ഹൈടെക് ജലസംഭരണിയാണ് പത്ത് മാസം മുമ്പ് പൊട്ടിത്തെറിച്ച് തകര്‍ന്നത്. ജലസംഭരണി തകരാന്‍ കാരണം നടത്തിപ്പിലെ അപാകത മൂലമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 25 വര്‍ഷം ഗ്യാരണ്ടിയുള്ള സിങ്ക് അലുമിനിയം ജലസംഭരണി യഥാസമയം പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് വിദഗ്ധസംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
അന്വേഷണ റിപ്പോര്‍ട്ട് അധികൃതര്‍ ഗ്രാമപഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. സംഭരണി നിര്‍മാതാക്കളായ കോയമ്പത്തൂരിലെ ശ്രീവാസ്തവ ട്രേഡിംഗ് കമ്പനിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചളിയടിഞ്ഞ് ലോഹ ഷീറ്റുകള്‍ തുരുമ്പെടുക്കുകയും നോസിലുകള്‍ ദ്രവിക്കുകയും ചെയ്തിരുന്നു.
സംഭരണിയില്‍ അടിഞ്ഞുകൂടിയ ചളി യഥാസമയം നീക്കം ചെയ്യാനും ഷീറ്റുകള്‍ ദ്രവിക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ നടത്തിപ്പ് കമ്മിറ്റി ചെയ്തില്ല എന്നാണ് കമ്പനിയുടെ വിദഗ്ധ സംഘം ആരോപിക്കുന്നത്. വര്‍ഷംതോറും ഇന്‍ഷ്വറന്‍സ് പുതുക്കണമെന്നും വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. ഇതും പാലിക്കപ്പെട്ടില്ലെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ആയതിനാല്‍ തകര്‍ച്ചയുടെ ഉത്തരവാദിത്വം നടത്തിപ്പ് കമ്മിറ്റിക്കാണെന്നും സംഭരണി പുനഃസ്ഥാപിക്കാനാകില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നിഷ്ക്രിയത്വം തുടര്‍ന്നാല്‍ രാഷ്ട്രീയ നിറം നോക്കാതെ വീട്ടമ്മമാര്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.