എന്‍എസ്എസ് സപ്തദിന ക്യാമ്പിന് തുടക്കമായി
1489362
Monday, December 23, 2024 2:55 AM IST
മഞ്ചേരി: മഞ്ചേരി ജിവിഎച്ച്എസ്എസ് (ടിഎച്ച്എസ്) സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് തുടങ്ങി. അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കണ്ണിയന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കിടങ്ങഴി ജിഎംഎല്‍പി സ്കൂളില്‍ നടക്കുന്ന ക്യാമ്പില്‍ പച്ചക്കറി തോട്ടം നിര്‍മാണം പ്രോത്സാഹിപ്പിക്കുന്ന ഭൂമിജം പദ്ധതി, അടിയന്തര ജീവന് രക്ഷാപ്രവര്‍ത്തന പരിശീലനം നല്കുന്ന പ്രാണവേഗം പദ്ധതി, ഓര്‍ഫനേജ് സന്ദര്‍ശനം ഉള്‍പ്പെടുന്ന സുകൃതം പദ്ധതി, ലഹരിക്കെതിരേ ബോധവത്കരണം, അമൃത് മിഷന്റെ സഹായത്തോടെ ജലം ജീവിതം പദ്ധതി, വാട്ടര്‍ പാര്‍ലമെന്റ്, ജലഘോഷം തെരുവുനാടകം, സുചിന്തിതം സദസ്, ഗൃഹസന്ദര്‍ശനം, ഡിജിറ്റല്‍ ലിറ്ററസി, വ്യക്തിത്വ വികസനത്തിന് ഉതകുന്ന പഠന ക്ലാസുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ക്യാമ്പ്.
27ന് അവസാനിക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. അബ്ദുള്‍ മുനീര്‍, ഹെഡ്മിസ്ട്രസ് പി. ശ്രീജ, പിടിഎ പ്രസിഡന്റ് പി. അബ്ബാസ്, വൈസ് പ്രസിഡന്റ് അസ്കറലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
താഴെക്കോട്: താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് പുത്തൂര്‍ ജിഎംഎല്‍പി സ്കൂളില്‍ ആരംഭിച്ചു. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.ടി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഫസീല ബഷീര്‍, മാനേജര്‍ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി, പുത്തൂര്‍ ജിഎംഎല്‍പിഎസ് പിടിഎ പ്രസിഡന്റ് വി.പി. ഹാരിസ്, ഹെഡ്മിസ്ട്രസ് എൻ.എസ്. ലളിത, എസ്എംസി ചെയര്മാന് ഹമീദ് ഹാജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എന്‍. സക്കീര്‍ എന്ന സൈനുദീന്‍, പ്രോഗ്രാം ഓഫീസര്‍ സി.പി. അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.
സുകൃത കേരളം, പുസ്തക പയറ്റ്, ഹരിത സമൃദ്ധി, സ്നേഹ സന്ദര്‍ശനം, കൂട്ടുകൂടി നാട് കാക്കാം, സുസ്ഥിര ജീവിത ശൈലി, മൂല്യനിര്‍മാണം സൃഷ്ടി പരതയിലൂടെ (അപ് സൈക്ലിംഗ്), സത്യമേവ ജയതേ, ഗ്രൂപ്പ് ഡൈനാമിക്സ് തുടങ്ങിയ പ്രോജക്ടുകള്‍ ക്യാമ്പിലൂടെ നടപ്പാക്കും. പ്രിന്‍സിപ്പല്‍ ഡോ.എന്‍. സക്കീര്‍ എന്ന സൈനുദീന്‍ പതാക ഉയര്‍ത്തി. അമല്‍ ജെ. അഗസ്റ്റിന് ഐസ് ബ്രേക്കിംഗ് ക്ലാസെടുത്തു. സുസ്ഥിര ജീവിത ശൈലി എന്ന വിഷയത്തില്‍ അന്‍വര്‍ കണ്ണീരിയും ക്ലാസെടുത്തു. പുത്തൂര്‍ ഗ്രാമത്തിലൂടെ വിളംബര ജാഥയും നടത്തി.