ജില്ലയിലെ പാലുത്പാദനം വര്‍ധിപ്പിക്കാന്‍ മിഷന് 2.0 ശില്പശാല
1489631
Tuesday, December 24, 2024 5:53 AM IST
മൂര്‍ക്കനാട്: മലപ്പുറം ജില്ലയിലെ പാലുത്പാദനം രണ്ടു ലക്ഷം ലിറ്ററിലേക്ക് എത്തിക്കുന്നതിനായി ക്രിയാത്മക ചര്‍ച്ചകളും ആസൂത്രണവുമായി "മിഷന് 2.0’ ശില്പശാല. മില്‍മ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും മലപ്പുറം ഡയറിയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ച് മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസിലാണ് ശില്പശാല സംഘടിപ്പിച്ചത്. ലാഭകരമായ പാലുത്പാദനം എങ്ങനെ സാധ്യമാക്കാം, ക്ഷീര മേഖലയിലേക്ക് കൂടുതല്‍ പേരെ എങ്ങനെ കൊണ്ടു വരാം എന്നീ കാര്യങ്ങളാണ് ശില്പശാല ചര്‍ച്ച ചെയ്തത്.
പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രഫ.ജിജു പി.അലക്സ് ശില്പശാല ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്മാന് കെ.എസ്. മണി പ്രസംഗിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മില്‍മ സര്‍ക്കാരിനു സമര്‍പ്പിക്കും. നിലവില്‍ 72457 ലിറ്റര്‍ പാലാണ് മലപ്പുറം ജില്ലയില്‍ നിന്ന് ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്നത്. മലബാര്‍ മില്‍മ അവരുടെ കീഴിലുള്ള സഹകരണ സംഘങ്ങള്‍ വഴി 51041 ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. പത്തു വര്‍ഷത്തെ കണക്കെടുത്താല്‍ മലപ്പുറം ജില്ലയില്‍ നിന്ന് മില്‍മ സംഭരിക്കുന്ന പാലില്‍ 83 ശതമാനത്തിന്റെ വര്‍ധനവുണ്ട്. പശുക്കളുടെ എണ്ണത്തില്‍ പത്തു വര്‍ഷത്തിനകം എട്ട് ശതമാനം വര്‍ധനവുമുണ്ടായിട്ടുണ്ട്.