ശുചിത്വം തൊട്ടുതീണ്ടാതെ കരുവാരകുണ്ട് പഞ്ചായത്തോഫീസ് പരിസരം
1487370
Sunday, December 15, 2024 7:34 AM IST
കരുവാരകുണ്ട്: സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാൻ വിപുലമായ പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തോഫീസ് പരിസരത്ത് വേണ്ടത്ര ശുചിത്വ മില്ലെന്ന് പരാതി. സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പഞ്ചായത്തോഫീസ് പരിസരം വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഭരണസമിതി പൊതുജന പങ്കാളിത്തത്തോടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഹരിത സഭ,ബാലസഭ, പഞ്ചായത്തിലെ പ്രധാന റോഡുകളും പരിസരങ്ങളും വൃത്തിയാക്കൽ, വാർഡടിസ്ഥാനത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ, വിദ്യാലയങ്ങൾ തോറും പ്രചാരണ പരിപാടികൾ, വാർഡുകളെ ദത്തെടുക്കൽ തുടങ്ങിയ പരിപാടികളെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞു. പാതയോരങ്ങളിൽ ചിലയിടങ്ങളിലെല്ലാം മാലിന്യം ശേഖരിക്കുന്നതിനായ ബിന്നുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മാലിന്യം വലിച്ചെറിയുന്നവർക്കും പ്ലാസ്റ്റിക് കത്തിക്കുന്നവർക്കും കനത്ത പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഗ്രാമപഞ്ചായത്തോഫീസ് പരിസരം വൃത്തിഹീനമായി കിടക്കുകയാണെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
പഞ്ചായത്തോഫീസിന്റെ പിറകുവശത്തെ ശൗചാലയ മുൾപ്പെടെയുള്ള ഭാഗങ്ങൾ പുല്ലുമൂടിയും മാലിന്യങ്ങൾ സംസ്കരിക്കാതെ കൂടിക്കിടന്നുമുള്ള അവസ്ഥയാണ്. ഇവിടം ഇഴജന്തുക്കളുടെ താവളം കൂടിയാണ്. നാടുമുഴുവൻ വൃത്തിയുള്ളതാക്കാൻ ഭരണസമിതി ഓടി നടക്കുമ്പോൾ ഭരണസമിതി അംഗങ്ങൾ ഇരിക്കുന്ന ഗ്രാമപഞ്ചായത്തോഫീസിന്റെ ചുറ്റുഭാഗവും വൃത്തിയാക്കിയാണ് തുടങ്ങേണ്ടതെന്നും നാട്ടുകാരിൽ ചിലർ അഭിപ്രായപ്പെട്ടു.