സംസ്ഥാനപാതയോരം കീഴടക്കി അനധികൃത ഷെഡുകളും പൊന്തക്കാടുകളും
1487554
Monday, December 16, 2024 6:12 AM IST
ചങ്ങരംകുളം: ശബരിമല തീര്‍ഥാടകര്‍ അടക്കം നൂറുക്കണക്കിന് ദീര്‍ഘദൂര വാഹനങ്ങള്‍ ചീറിപ്പായുന്ന കുറ്റിപ്പുറം തൃശൂര്‍ സംസ്ഥാന പാതയിലെ ചങ്ങരംകുളം മുതല്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ കോലിക്കര വരെയുള്ള തിരക്കേറിയ ഭാഗങ്ങളില്‍ വാഹനാപകടങ്ങള്‍ നിത്യസംഭവമാകുന്നു.
ചങ്ങരംകുളം മുതല്‍ വളയംകുളം വരെയുള്ള മൂന്ന് കിലോമീറ്റര്‍ പാതയോരം മുഴുവന്‍ അനധികൃത ഷെഡുകളും മണ്‍കൂനകളുമാണ്. തെരുവുവിളക്കുകളും റോഡിന്റെ ദിശ അറിയുന്നതിനുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും ഈ പാതയിലില്ല.
നിരവധി ജീവന് പൊലിഞ്ഞ പാതയില്‍ അപകടങ്ങള്‍ കുറക്കുന്നതിനാണ് ചിയ്യാനൂര്പാടത്തും വളയംകുളത്തും സെമി ഹമ്പുകള്‍ സ്ഥാപിച്ചത്.
എന്നാല്‍ ഹമ്പില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് പതിവുകാഴ്ചയാണ്. ദീര്‍ഘദൂര വാഹനങ്ങള്‍ക്കും
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ അടക്കമുള്ളവക്കും സെമിഹമ്പ് തിരിച്ചറിയുന്നതിനുള്ള സിഗ്നല്‍ ലൈറ്റ് ഇവിടെയില്ല.
ഹമ്പില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്ന് മൂലം വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും പിറകില്‍ മറ്റ് വാഹനങ്ങള്‍ ഇടിക്കുന്നതും സാധാരണ സംഭവമാണ്.
ജലജീവന്‍ പദ്ധതിക്കായി പൊളിച്ച റോഡിലെ മണ്ണും കോണ്‍ക്രീറ്റ് വേസ്റ്റുകളും പാതയോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നു. ഡ്രൈനേജുകള്‍ മുഴുവന്‍ മണ്ണ് വന്നടിഞ്ഞ് മഴവെള്ളം റോഡില്‍ കെട്ടി കിടക്കുന്ന
അവസ്ഥയാണ്. പാതയോരത്തെ പുല്‍ക്കാടുകള്‍ മുഴുവന്‍ റോഡിലേക്ക് പടര്‍ന്ന് പന്തലിച്ച് നില്ക്കുന്നു.
ഭക്ഷണം കഴിക്കാനായി യാത്രക്കാര്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തേണ്ട അവസ്ഥയിലാണ്. പാതയോരം
മുഴുവന്‍ അനധികൃത ഷെഡുകളും മണ്‍കൂനകളും പുല്‍ക്കാടുകളും നിറഞ്ഞതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള നൂറുക്കണക്കിന് വഴിയാത്രികര്‍ വഴി നടക്കുന്നത് തിരക്കേറിയ റോഡിലൂടെയാണ്.
അതുകൊണ്ടുതന്നെ അപകട സാധ്യതയുമേറുന്നു.അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.