മാലിന്യം തള്ളിയ വാഹനം പിടികൂടി
1487361
Sunday, December 15, 2024 7:34 AM IST
മഞ്ചേരി: ചെങ്ങണ ബൈപാസിൽ മാലിന്യം കൊണ്ടുവന്ന് തള്ളാൻ ശ്രമിച്ച വാഹനം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗുഡ്സ് വാഹനത്തിൽ എത്തിച്ച് ബൈപാസിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ വാഹനം തടഞ്ഞുവച്ച് നാട്ടുകാർ വാർഡ് കൗൺസിലർ മുജീബ് റഹ്മാൻ പരേറ്റയെ വിവരം അറിയിച്ചു.
കൗൺസിലർ സ്ഥലത്തെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്ഐ കെ.ആർ. ജസ്റ്റിൻ ബൈപാസിലെത്തി വാഹനം കസ്റ്റഡിയിലെടുത്തു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും പണംവാങ്ങി ശേഖരിച്ച മാലിന്യമാണ് റോഡിൽ തള്ളാൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.