മഞ്ചേരിയിൽനിന്ന് 235 കിലോ ചന്ദനം പിടികൂടി
1487551
Monday, December 16, 2024 6:12 AM IST
നിലമ്പൂര്‍: മഞ്ചേരി പുല്ലാരയില്‍ വന്‍ ചന്ദനവേട്ട. നിലമ്പൂര്‍ വനം വിജിലന്‍സ് 235 കിലോ ചന്ദനം പിടിച്ചെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മഞ്ചേരി പുല്ലാര മേല്‍മുറിയിലെ വലിയകപറമ്പില്‍ അലവിയുടെ വീട്ടില്‍നിന്നും വീടിനു സമീപത്തു നിന്നുമായാണ് 12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 235 കിലോ ചന്ദനം പിടിച്ചെടുത്തത്.
വില്‍പ്പനക്ക് തയാറാക്കി ചെത്തിമിനുക്കിയ
ചന്ദനമുട്ടികളും ചെത്ത് പൂളുകളും വേരുകളുമാണ് പിടിച്ചെടുത്തത്. അലവിയുടെയും മകന് ഷബീറിന്റെയും പേരില്‍ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് വനം ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ വി.പി. ജയപ്രകാശ്, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനം വിജിലന്‍സ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 11.45 ഓടെ തുടങ്ങിയ പരിശോധന വൈകുന്നേരം 4.30 തോടെയാണ് സമാപിച്ചത്.
അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ ചന്ദന വേട്ടകളില്‍ ഒന്നാണിതെന്ന് വിജിലന്‍സ് നിലമ്പൂര്‍ എസ്എഫ്ഒ സി.കെ. വിനോദ് പറഞ്ഞു. തുടര്‍ അന്വേഷണത്തിനായി തൊണ്ടി മുതല്‍ കൊടുമ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്ക് കൈമാറും.
റെയ്ഡില്‍ നിലമ്പൂര്‍ വനം വിജിലന്‍സ് റേഞ്ച് ഓഫീസര്‍ വി. വിജേഷ് കുമാർ, വനം റിസര്‍വ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി. രാജേഷ്, ബീറ്റ് ഓഫീസര്‍ എൻ.പി. പ്രദീപ് കുമാര്‍, സി. അനില്‍കുമാര്‍, പി.പി. രതീഷ് കുമാര്‍, എന്‍. സത്യരാജ്, എടക്കോട് ബിഎഫ്ഒ. ടി. ബന്‍സീറ, എടക്കോട് വനം സ്റ്റേഷന് ഡ്രൈവര്‍ എം. ഷറഫുദ്ദീന് എന്നിവര്‍ പങ്കെടുത്തു.