മഞ്ചേരി ജനറല്‍ ആശുപത്രി ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരേ ലീഗ്
1487366
Sunday, December 15, 2024 7:34 AM IST
മഞ്ചേരി: ഡോക്ടര്‍മാരെ സ്ഥലം മാറ്റിയും ഫണ്ടുകള്‍ അനുവദിക്കാതെയും ജനറല്‍ ആശുപത്രി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിനെതിരേ മഞ്ചേരി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. ദിനേന ആയിരകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജില്‍ നിന്ന് പല സ്പെഷാലിറ്റി ഡോക്ടര്‍മാരെ അടക്കം ഇതിനോടകം സ്ഥലംമാറ്റി കഴിഞ്ഞു. പകരം ഡോക്ടര്‍മാരെ നിയമിക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്.
മെഡിക്കല്‍ കോളജിന്റെ വികസനത്തിന് സ്ഥലം എടുക്കാന്‍ തൊട്ടടുത്ത് 50 ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു. അതില്‍ 25 ഏക്കര്‍ സൗജന്യമായി ലഭ്യമാണ്. എന്നിട്ടും ബാക്കി തുക അനുവദിക്കാതെ മെഡിക്കല്‍ കോളജ് വികസനത്തിന് സര്‍ക്കാര്‍ തുരങ്കം വയ്ക്കുകയാണ്.
അഞ്ഞൂറിലധികം തത്കാലിക ജീവനക്കാരാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഇതും ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും ലീഗ് യോഗം അഭിപ്രായപ്പെട്ടു.