അഞ്ച് പേരുടെ ജീവനെടുത്ത ചെട്ടിയങ്ങാടി റോഡപകടത്തിന് ഒരു വയസ്; ചര്‍ച്ചയും തീരുമാനങ്ങളും കടലാസിലൊതുങ്ങി
1487369
Sunday, December 15, 2024 7:34 AM IST
മഞ്ചേരി: അഞ്ചു പേരുടെ മരണത്തിനിടയായ മഞ്ചേരി ചെട്ടിയങ്ങാടി റോഡപകടത്തിന് ഒരു വയസ്. ദുരന്തത്തെ തുടര്‍ന്ന് തഹസില്‍ദാരുടെ ചേമ്പറില്‍ ചെട്ടിയങ്ങാടിയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭാധികൃതര്‍, പോലിസ്, റോഡ് നിര്‍മാണ അഥോറിറ്റി, റോഡ് സേഫ്റ്റി അഥോറിറ്റി എന്നിവർ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയും എടുത്ത തീരുമാനങ്ങളും ജലരേഖയായി.
2023 ഡിസംബര്‍ 15ന് വൈകുന്നേരമായിരുന്നു മഞ്ചേരി ചെട്ടിയങ്ങാടിയില്‍ അഞ്ച് പേരുടെ ദാരുണാന്ത്യത്തിനിടയായ ദുരന്തം ഉണ്ടായത്. മഞ്ചേരിയില്‍ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും അരീക്കോട് ഭാഗത്തുനിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു പേര് സംഭവ സ്ഥലത്തും മൂന്ന് പേര് ആശുപത്രിയില്‍ വച്ചും മരണപ്പെട്ടു.
നിരന്തര അപകടമേഖലയില്‍ അഞ്ചുജീവനുകള്‍ പൊലിഞ്ഞതോടെ പ്രതിഷേധം കനത്തു. 16ന് മൃതദേഹം മറവു ചെയ്യുന്നതിന് മുമ്പു തന്നെ നാട്ടുകാര്‍ റോഡ് ഉപയോധിച്ചു. ഇതോടെ സടകുടഞ്ഞെഴുന്നേറ്റ അധികൃതര്‍ സ്ഥലത്ത് ഓടിയെത്തുകയും മേലില്‍ അപകടം സംഭവിക്കാതിരിക്കാനുള്ള സത്വര നടപടികള്‍ വാഗ്ദാനം ചെയ്യുകയുമായിരുന്നു. അന്നുതന്നെ വിഷയം ചര്‍ച്ച ചെയ്യാനും യുക്തമായ നടപടികള്‍ തീരുമാനിക്കുന്നതിനുമായി തഹസില്‍ദാറുടെ ചേംബറില്‍ ചര്‍ച്ചയും നടത്തി.
എന്നാല്‍ ഈ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നടപ്പിലായില്ല. ഇതിനിടെയും പ്രദേശത്ത് നിരവധി അപകടങ്ങള്‍ സംഭവിക്കുകയുണ്ടായി. റോഡില്‍ സമയബന്ധിതമായി നടത്തേണ്ട സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തീരുമാനങ്ങളാക്കി എഴുതി ബന്ധപ്പെട്ടവര്‍ ഒപ്പുവച്ച് കോപ്പി ലഭിച്ച ശേഷമാണ് നാട്ടുകാര്‍ സമരത്തില്‍ നിന്നും പിന്മാറിയത്. അന്നു തന്നെ റോഡില്‍ താല്‍ക്കാലിക സ്റ്റോപ്പ് ആൻഡ് പ്രൊസീഡ് ബോര്‍ഡ് സ്ഥാപിക്കുകയും ഒരാഴ്ചക്കകം റോഡ് നിര്‍മാണ അഥോറിറ്റി പ്രദേശത്ത് സ്ഥിരം ബോര്‍ഡ് സ്ഥാപിക്കുകയും വേണമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഈ തീരുമാനം നാട്ടുകാര്‍ സ്ഥാപിച്ച താല്‍ക്കാലിക ബോര്‍ഡില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
റോഡിന് ഇരു വശങ്ങളിലുമുള്ള വാഹനങ്ങള്‍ മാറ്റാന്‍ പോലീസും നഗരസഭയും നാട്ടുകാരും ചേര്‍ന്ന് നിര്‍ദേശം നല്‍കും. മൈക്ക് അനൗണ്‍സ്മെന്റ് നടത്തുമെന്നായിരുന്നു രണ്ടാമത്തെ തീരുമാനം. ഈ തീരുമാനം നടപ്പിലാക്കി, വാഹനങ്ങള്‍ മാറ്റി. എന്നാല്‍ ദിവസങ്ങള്‍ക്കകം വാഹനങ്ങള്‍ യഥാസ്ഥാനത്ത് തിരിച്ചെത്തി. റോഡില്‍ റമ്പിള്‍ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന തീരുമാനം മാത്രം മാസങ്ങള്‍ക്ക് ശേഷമാണെങ്കിലും നടപ്പിലായി. ഓടകളിലേക്ക് വെള്ളമിറങ്ങാന്‍, റോഡിനേക്കാള്‍ ഉയര്‍ന്നു നില്ക്കുന്ന ഇന്റര്‍ലോക്ക് പൊളിച്ചെടുത്ത് താഴ്ത്തിവയ്ക്കുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ നടന്നില്ല.
പ്രദേശത്ത് വീണു കിടക്കുന്ന പത്തോളം തെരുവുവിളക്കുകള്‍ പുനസ്ഥാപിക്കുമെന്ന തീരുമാനവും തഥൈവ. സീബ്രാലൈനുകള്‍ വരച്ചുവെങ്കിലും പൂര്‍ണമായില്ല. റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന ഉറപ്പ് നാളിതുവരെ പാലിക്കപ്പെട്ടില്ല.
അപകടസാധ്യതാമേഖല എന്ന സ്ഥിരം ബോര്‍ഡ് സ്ഥാപിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. മാസങ്ങള്‍ക്ക് ശേഷം ഗുണനിലവാരമില്ലാത്ത രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇതില്‍ ഒരെണ്ണം പിറ്റേന്നു തന്നെ നിലംപൊത്തി.
ഇതോടെ നാട്ടുകാര്‍ ഹുസൈന് വല്ലാഞ്ചിറയെ കണ്‍വീനറാക്കി ജനകീയ സമിതി രൂപവത്കരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ മേച്ചേരി ഹുസൈന് ഹാജി, ബീനാ തേരി, കാക്കേങ്ങല്‍ അഷ്റഫ്, മുന്‍കൗണ്‍സിലര്‍ കെ.പി. ഉമ്മര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി.എം. അന്‍വര്‍, എന്‍.കെ. ഷറീഫ്, എ.പി. സമീര്‍, കെ. സുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുമായും തഹസീല്ദാറുമായും തുടര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സമിതി.