വന്യമൃഗ ശല്യത്തിനെതിരേ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് 16ന്
1487363
Sunday, December 15, 2024 7:34 AM IST
നിലമ്പൂര്‍: കൃഷിക്കും കര്‍ഷകര്‍ക്കും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ വന്യമൃഗ ശല്യത്തിനെതിരേ 16ന് ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് നടത്തും. സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും കുറ്റകരമായ അനാസ്ഥയ്ക്കെതിരേ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റും തിരൂര്‍ നിയോജക മണ്ഡലം എംഎല്‍എയുമായ കുറുക്കോളി മൊയ്തീന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ ഏറനാട് എംഎല്‍എ പി.കെ. ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാല്‍ മുണ്ടേരി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ നിന്ന് ആരംഭിക്കുന്ന ബഹുജന-കര്‍ഷക മാര്‍ച്ചിന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കും. വാർത്താസമ്മേളനത്തില്‍ ലുഖ്മാന് അരിക്കോട്, ചെമ്മല മുഹമ്മദ് ഹാജി, കുന്നുമ്മല്‍ സൈതലവി, കുഞ്ഞാലന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.