റെന്‍ഡറിംഗ് പ്ലാന്റുകള്‍ 27 മുതല്‍ അടച്ചിടും
1479186
Friday, November 15, 2024 4:32 AM IST
മലപ്പുറം: കോഴി മാലിന്യത്തിന്റെ ടിപ്പിംഗ് ഫീസ് കിലോക്ക് ഏഴ് രൂപയാക്കണമെന്ന ആവശ്യം നിരാകരിച്ച അധികൃരുടെ നിലപാടിലും ജില്ലയിലെ മാലിന്യം നിയമവിരുദ്ധമായി ഇതര ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റിപോകുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച് ജില്ലയിലെ റെന്‍ഡറിംഗ് പ്ലാന്റുകള്‍ 27 മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി റെന്‍ഡറിംഗ് ഓണേഴ്സ് അസോസിയേഷന് മലപ്പുറം(ആര്ഒഎഎം) ജില്ലാ ഭാരവാഹികളായ സി.എം. മാനു, കെ.ആര്.പി. റഹ്മാന്, ടി.വി. മുസ്തഫ എന്നിവര്‍ അറിയിച്ചു.
ജില്ലയെ മാലിന്യമുക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന റെന്‍ഡറിംഗ് പ്ലാന്റുകള്‍ ആവശ്യമായ കോഴിമാലിന്യം ലഭിക്കാത്തിനാല്‍ പ്രതിസന്ധിയാലാണെന്ന് അവര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ലോറികളില്‍ കോഴിമാലിന്യം കയറ്റിപോകുന്നത്. ഇത്തരം വാഹനങ്ങളെ കണ്ടുകെട്ടണമെന്ന കോടതി നിര്‍ദേശം പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തത് മാലിന്യം കടത്തുന്നത് വര്‍ധിക്കാന്‍ കാരണമായതായി അവര്‍ പറഞ്ഞു.
ജില്ലയിലെ നിലവിലുള്ള പ്ലാന്റുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പ്രതിദിനം 350 ടണ്‍ മാലിന്യം ആവശ്യമായിരിക്കെ 100 ടണ്‍ മാത്രമാണ് ലഭിക്കുന്നത്. കോഴിമാലിന്യം അതത് ജില്ലകളില്‍ തന്നെ കൈകാര്യം ചെയ്യണമെന്ന കോടതി ഉത്തരവുകള്‍ ഇവിടെ നടപ്പാകുന്നില്ല. നിലവിലുള്ള പ്ലാന്റുകള്‍ക്ക് തന്നെ ആവശ്യത്തിന് മാലിന്യം ലഭിക്കാതെ അടച്ചുപൂട്ടേണ്ട അവസ്ഥ നിലനില്ക്കുമ്പോള് പുതിയ പ്ലാന്റുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് നല്‍കുകയാണെന്നും അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.