കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കണം: മനുഷ്യാവകാശ കമ്മീഷന്
1479185
Friday, November 15, 2024 4:32 AM IST
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 2014ല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആറ് ഡയാലിസിസ് യന്ത്രങ്ങള്‍ കാലതാമസമില്ലാതെ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജില്ലയില്‍ ഡയാലിസിസ് സൗകര്യമുള്ള മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അവ മാറ്റി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ആറ് മാസത്തിനുള്ളില്‍ ഡിഎംഒ കമ്മീഷനില്‍ സമര്‍പ്പിക്കണം.
ഡയാലിസിസ് യന്ത്രങ്ങള്‍ പൊടിപിടിച്ച് നശിക്കുന്നതിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊണ്ടോട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമല്ലെന്ന് പറയുന്നു. കൊണ്ടോട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റി കൊട്ടുക്കരയിലേക്ക് മാറ്റിയ ശേഷമാണ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസരവാസികള്‍ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധം കാരണമാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഡയാലിസിസ് സെന്റര്‍ കൊട്ടുക്കരയിലേക്ക് മാറ്റാന്‍ കാരണം ജനകീയ പ്രക്ഷോഭമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗികള്‍ക്ക് ആശ്വാസം നല്‍കാനുള്ള സംവിധാനങ്ങള്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപയോഗശൂന്യമായി കിടക്കുന്നത് കടുത്ത അനീതിയാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. "നാട്ടൊരുമ’ പൗരാവകാശ സമിതി സെക്രട്ടറി പി.പി. അബ്ദുള്‍ അസീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.