അപകടങ്ങള്‍ വിട്ടൊഴിയാതെ ചീനിപ്പാടം
1479184
Friday, November 15, 2024 4:32 AM IST
കരുവാരകുണ്ട്: മലയോര പാതയുടെ നവീകരണ ശേഷം അപകടങ്ങള്‍ വിട്ടൊഴിയാതെ ചീനിപാടം. മലയോരപാത നവീകരണത്തില്‍ പരമാവധി വളവുകളും കയറ്റങ്ങളും ഒഴിവാക്കി പാത പുനര്നിര്മിച്ചിട്ടും കണ്ണത്തിനും കേരള എസ്റ്റേറ്റ് വില്ലേജിനും ഇടയിലുള്ള ചീനിപാടത്ത് അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം നിയന്ത്രണം തെറ്റിയ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
മലയോര പാതയുടെ നവീകരണം ഏതാണ്ട് പൂര്‍ത്തിയായശേഷം പത്തിലേറെ അപകടങ്ങളാണ് പ്രദേശത്തുണ്ടായത്. അപകടത്തില്‍പ്പെട്ട് രണ്ട് പേര് മരിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണത്ത് ടൗണിനും കേരള എസ്റ്റേറ്റ് വില്ലേജ് ഓഫീസിനു ഇടയിലുള്ള അര കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്ഥലത്താണ് ഇത്രയധികം അപകടങ്ങള്‍ സംഭവിച്ചത്. കണ്ണത്ത് ടൗണ്‍ മുതല്‍ സി.ടി. പടി വരെയുള്ള ഭാഗത്തെ വളവുകള്‍ അപകടമേറിയതാണ്. എതിര്‍ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവിടെ ബൈക്ക് യാത്രികരാണ് കൂടുതലും അപകടത്തില്‍പ്പെടാറ്. അതേസമയം, സി.ടി. പടി മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗത്തെ അപകടങ്ങള്‍ക്ക് കാരണം
അമിതവേഗതയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ വാഹനങ്ങള്‍ നിയന്ത്രണം വിട്ടുമറിയുകയോ വൈദ്യുതി തൂണിലോ മുന്നറിയിപ്പ് ബോര്‍ഡിലോ ഇടിക്കുകയോ ആണ് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് പത്തു വയസുകാരനായ നാലാം ക്ലാസ് വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അപകടങ്ങള്‍ കുറക്കുന്നതിന് യാതൊരു നടപടികളും അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.