"നിലമ്പൂർ റോഡിലെ വരമ്പുകള്‍ നീക്കം ചെയ്യണം’
1479182
Friday, November 15, 2024 4:32 AM IST
നിലമ്പൂര്‍: പൂച്ചക്കുത്ത് ഭാഗത്ത് അന്തര്‍സംസ്ഥാന റോഡില്‍ രണ്ട് ഭാഗത്തായി ഉയര്‍ന്ന് നില്ക്കുന്ന നാല് വീതം വരമ്പുകള്‍ വാഹനങ്ങള്‍ക്ക് അപകടക്കെണിയായി മാറുന്നു. ഇവിടെയുള്ള വലിയ വരമ്പുകള്‍ നീക്കം ചെയ്ത് ഈ ഭാഗത്ത് റോഡില്‍ റിഫ്ളക്ടര് ലൈറ്റോട് കൂടിയ റോഡ് സ്റ്റഡുകള്‍ സ്ഥാപിക്കണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് നിലമ്പൂര്‍ താലൂക്ക് കമ്മിറ്റി പൊതുമരാമത്ത് വകുപ്പധികൃതരോട് അഭ്യര്‍ഥിച്ചു.
ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കെഎന്‍ജി റോഡില്‍ പൂച്ചക്കുത്ത് ഭാഗത്ത് റോഡില്‍ സ്ഥാപിച്ച വരമ്പുകളില്‍ റോഡ് പരിചയമില്ലാത്ത വാഹനങ്ങള്‍ രാത്രിയില്‍ അതിവേഗത്തില്‍ വന്ന് വരമ്പില്‍ ചാടുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും പോകുന്ന വാഹനങ്ങളും തൃശൂര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഉപയോഗിക്കുന്ന റോഡാണിത്.
പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും വരമ്പിന്റെ അടുത്ത് നിര്‍ത്തി കയറിയിറങ്ങി പോകാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ ബസുകള്‍ക്കും ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങളും ഏറെ നേരം ഗതാഗതകുരുക്കില്പ്പെടുന്നു. ഇതുമൂലം നഷ്ടപ്പെടുന്ന സമയം വീണ്ടെടുക്കാന്‍ പിന്നീട് ബസുകളും മറ്റു അത്യാവശ്യ വാഹനങ്ങളും അമിതവേഗതയില്‍ പോകേണ്ട സ്ഥിതിയാണ്. ഇത് അപകട സാധ്യത ഉണ്ടാക്കുന്നുണ്ടെന്നും പരാതിയില്‍ പറഞ്ഞു.
ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കല്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് നിയാസ് ചാലിയാര്‍, കെ.ടി. മെഹബൂബ്, ഷൗക്കത്തലി ഉള്ളാട്ട് പറമ്പന്‍, ഹമീദ് കുരിക്കള്‍, ബാബു മമ്പാട്, ജലീഷ് മോനുട്ടന്, ഷെമീര്‍ അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.