ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
1479181
Friday, November 15, 2024 4:32 AM IST
മഞ്ചേരി: ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്തയാള്‍ക്ക് അവകാശപ്പെട്ട ചെലവു സംഖ്യ നല്കാന് വിസമ്മതിച്ച സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. മമ്പാട് വടപുറം പുളിക്കലോടി പുലത്ത് പുലിക്കോട്ടില്‍ ശിഹാബുദീന്റെ പരാതിയിലാണ് നിവ ബൂപ്പ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡിനോട് നഷ്ടപരിഹാരം നല്കാന് കമ്മീഷന് വിധിച്ചത്.
വണ്ടൂര്‍ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനെത്തിയ ശിഹാബുദീനോട് ബാങ്ക് ജീവനക്കാര്‍ പോളിസിയെടുക്കാനാവശ്യപ്പെട്ടു. ഫെഡറല്‍ ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കും കുടുംബത്തിനും ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന ’ആരോഗ്യസഞ്ജീവനി’ എന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി നിവ ബുപ്പ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലിമിറ്റഡ് കമ്പനി നല്‍കുന്നുണ്ടെന്ന് ബാങ്ക് ജീവനക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2021 ഡിസംബര്‍ ആറു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള പ്രീമിയമായ 8831 രൂപ അടച്ചത്.
ഇതിനിടെ 2022 സെപ്റ്റംബര്‍ നാലിന് ശിഹാബുദീന് ന്യൂമോണിയ ബാധിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രിയില്‍ ചെലവായ 15,000 രൂപ ആവശ്യപ്പെട്ട് പരാതിക്കാരന് ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും മറുപടി നല്‍കാതെ തിരസ്കരിക്കുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകനായ മുഹമ്മ ഷഹീന് മുഖേന ഉപഭോക്തൃകോടതിയെ സമീപിച്ചത്. ഫോറം പ്രസിഡന്റ് മോഹന്‍ദാസന്‍, അംഗങ്ങളായ പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിശോധിക്കുകയും ആശുപത്രി ചെലവായ 15000 ത്തിനു പുറമെ നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവിനത്തില്‍ 10,000 രൂപയും നല്‍കണമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനിയോട് ഉത്തരവിടുകയുമായിരുന്നു.