പെര്‍മിറ്റ് വിഷയത്തില്‍ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്
1479180
Friday, November 15, 2024 4:32 AM IST
മലപ്പുറം: നൂറ്റിനാല്പത് കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ബസ് റൂട്ടുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കും സ്വകാര്യമേഖലയില്‍ പെര്‍മിറ്റുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഹൈക്കോടതി വിധി വന്നിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരേ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ഏതാനും ബസുടമകളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ആറിന് ഹൈക്കോടതി വിജ്ഞാപനം
റദ്ദ് ചെയ്തിട്ടും വര്‍ഷങ്ങളായി സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പോലും പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്നാണ് ഉടമകളുടെ പരാതി. ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഓര്‍ഡിനറി ആക്കണമെന്ന സര്‍ക്കാര്‍ വാദവും കോടതി അീഗീകരിച്ചിട്ടില്ല.
കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗതാഗതവകുപ്പ് പുതിയ നയം ആവിഷ്കരിച്ചത്. എന്നാല്‍, കെഎസ്ആര്‍ടിസിയുടെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍
ഈ വാദം തികച്ചും വിരോധാഭാസമാണെന്ന് കണ്ടെത്താം. 2013 മുതലാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന 243 സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തത്. എന്നാല്‍ 2013നുശേഷം കെഎസ്ആര്‍ടിസിയുടെ നഷ്ടം നിലവില്‍ ഇരട്ടിച്ചതായാണ് കാണുന്നത്.
ദീര്‍ഘദൂര പെര്‍മിറ്റുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് അയ്യായിരത്തിലധികം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കില്‍ നിലവില്‍ അത് നാലായിരമായി കുറഞ്ഞിരിക്കയാണ്. അന്ന് 400 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ വകയിരുത്തിയിരുന്നത്.
എന്നാല്‍ 2024-25ലെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 243 ബസ് റൂട്ടുകളില്‍ ഭൂരിഭാഗവും സറണ്ടര്‍ ചെയ്യുകയോ പെര്‍മിറ്റ് പുതുക്കാന്‍ കഴിയാതെ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. നൂറില്‍ താഴെ മാത്രം ബാക്കി വരുന്ന ദീര്‍ഘദൂര ബസ് പെര്‍മിറ്റുകള്‍ സ്വകാര്യബസുകള്‍ക്ക് നല്കിയാല് കെഎസ്ആര്‍ടിസി നഷ്ടത്തിലാകുമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി.
അടുത്ത ദിവസം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാസ് മാനു, പക്കീസ കുഞ്ഞിപ്പ, കെ സത്യന് പാലക്കാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.