വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞത് മുന്നണികളില്‍ ചര്‍ച്ച
1479178
Friday, November 15, 2024 4:32 AM IST
നിലമ്പൂര്‍: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് മുഖ്യചര്‍ച്ചയാക്കി മൂന്ന് മുന്നണികളും. മണ്ഡല രൂപീകരണത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ കുറഞ്ഞ പോളിംഗ് ശതമാനമാണ് ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിംഗ് നടന്നിടത്താണ് ഈ ഉപതെരഞ്ഞെടുപ്പില്‍ ഇത് 64.72 ആയി കുറഞ്ഞത്.
പ്രിയങ്കാഗാന്ധി, രാഹുലിന്റെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ നേടുമെന്ന ഉറപ്പിലാണ് യുഡിഎഫ് പ്രചാരണം ശക്തിപ്പെടുത്തിയിരുന്നത്. രാഹുല്‍ഗാന്ധി മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയതിലും കൂടുതല്‍ സമയം പ്രിയങ്കഗാന്ധി മണ്ഡലത്തില്‍ ചെലവഴിച്ചിരുന്നു. ഇത്തവണ ഭൂരിപക്ഷം ഏഴ് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് മുഴുവന്‍ പ്രവര്‍ത്തകരും അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വോട്ടെടുപ്പ് ദിവസം പോളിംഗ് പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല എന്ന ആശങ്ക നേതാക്കളില്‍ നിലനില്‍ക്കുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ വിജയം ഉറപ്പായതിനാല്‍ എതിര്സ്ഥാനാര്ഥികള്ക്കുള്ള വോട്ടിലാണ് ഇടിവുണ്ടായതെന്ന വാദമാണ്
യുഡിഎഫിലെ ചില നേതാക്കള്‍ പങ്കുവച്ചത്. എന്തായാലും പ്രിയങ്കാഗാന്ധി വിജയിക്കുമെന്നതിനാല്‍ തങ്ങള്‍ വോട്ടു ചെയ്തില്ലെങ്കിലും വിജയിക്കുമെന്ന ചിന്ത ചിലരെയെങ്കിലും വോട്ടു ചെയ്യാന്‍ പോകുന്നതില്‍നിന്ന് പിന്നോട്ടു വലിച്ചോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. അതേസമയം, പോളിംഗ് കുറഞ്ഞത് വിവിധ മുന്നണികള്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്ന പ്രചാരണവും ഇപ്പോള്‍ നടക്കുന്നുണ്ട്.
വയനാട്ടില്‍ വികസന വിപ്ലവമാണ് തങ്ങളുടെ സ്ഥാനാര്‍ഥി ജയിച്ചാലുണ്ടാവുക എന്ന വികസന വിഷയത്തിലൂന്നിയാണ് ബിജെപി പ്രചാരണം നടത്തിയിരുന്നത്. ശക്തമായ കേന്ദ്ര ഭരണത്തെ മുന്‍നിര്‍ത്തിയാണ് വോട്ടര്‍മാര്‍ക്ക് ഈ വാഗ്ദാനം പ്രവര്‍ത്തകരും നേതാക്കളും നല്‍കിയിരുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തന മികവും പരിചയവുമുള്ള സ്ഥാനാര്‍ഥിയെന്ന വാദവും ബിജെപി മുന്നോട്ടുവച്ചിരുന്നു.
അതുകൊണ്ട് തന്നെ പോളിംഗിലെ കുറവ് തങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ് ബിജെപിക്കുള്ളത്.
രണ്ട് മണ്ഡലങ്ങളില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നില്ലെന്നും കേരളത്തിലെ മത്സരം കഴിഞ്ഞാണ് രണ്ടാമത്തെ സ്ഥാനാര്‍ഥിത്വം ഉണ്ടായതെന്നും ഇത് ജനങ്ങളോട് ചെയ്ത വഞ്ചനയാണെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. മാത്രമല്ല വയനാടിനെ രാഹുല്‍ ഗാന്ധി ഒഴിവാക്കിയതിലുള്ള യുഡിഎഫിന്റെ തന്നെ എതിര്‍പ്പാണ് വോട്ടിംഗ് ശതമാനം കുറയാന്‍ കാരണമെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.