എസ്കവേറ്റര്‍ കുളത്തില്‍ താഴ്ന്നു; ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
1542393
Sunday, April 13, 2025 6:30 AM IST
പേരൂര്‍ക്കട: പാറക്കുളം വൃത്തിയാക്കാനായി തിരുവല്ലത്തു നിന്നു കൊണ്ടുവന്ന എസ്കവേറ്റര്‍ കുളത്തില്‍ താഴ്ന്നു, ഡ്രൈവര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. എസ്കവേറ്റര്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീം എത്തി ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തിമാറ്റി.
പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍ പാറയ്ക്കു സമീപം ജലനിരപ്പില്‍ നിന്ന് 50 അടി താഴ്ചയുള്ള കുളത്തിലേക്കാണ് എസ്കവേറ്റര്‍ താഴ്ന്നുപോയത്. കുളത്തിലേക്കു വീണ ഡ്രൈവര്‍ വെള്ളം കുടിച്ചെങ്കിലും നീന്തി രക്ഷപ്പെടുകയായിരുന്നു. പാറക്കുളത്തിന്റെ ഒരു വശം വൃത്തിയാക്കുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരമാണ് എസ്കവേറ്റര്‍ കുളത്തിലേക്കു വീണുപോയത്.
വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്കൂബ ടീം അംഗങ്ങളായ വിദ്യരാജ്, എസ്.പി. സജി, ദിനുമോന്, വിജിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാവിലെ 11 മുതല്‍ 4 മണിക്കൂര്‍ പരിശ്രമിച്ചാണ് എസ്കവേറ്റര്‍ കുളത്തില്‍ നിന്നു പുറത്തെടുത്തത്.