പോലീസുകാർ വീടുവച്ച് നൽകി
1542414
Sunday, April 13, 2025 6:43 AM IST
നെടുമങ്ങാട്: വീട് വച്ച് നൽകി പോലീസ് മാതൃകയായി. ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് വാർഡിലെ റോഡരികത്ത് വീട്ടിൽ കെ.ഭവാനിയമ്മ(80)മകൻ രജീഷ് കുമാർ(40)എന്നിവർക്കാണ് പോലീസ് വീട് വച്ച് നൽകിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് പുതുതായി ചുമതലയേറ്റ റൂറൽ എസ്പി കെ.എസ്.സുദർശനൻ ആര്യനാട് തേവിയാരുകുന്ന് ട്രൈബൽ സെറ്റിൽമെന്റിൽ നടത്തിയ അദാലത്തിലാണ് പണിപൂർത്തിയാകാത്ത വീട്ടിൽ ദുരിതാവസ്ഥയിൽ കഴിയുന്ന വൃദ്ധയായ ഭവാനിയുടെ വീട് ശ്രദ്ധയിൽപ്പെട്ടത്.
സന്ദർശന വേളയിൽത്തന്നെ റൂറൽ എസ്.പി ഭവാനിയുടെ വീട് പുതുക്കി പണിയാൻ നിർദ്ദേശിക്കുകയായിരുന്നു. എസ്പിയുടെ നിർദ്ദേശപ്രകാരം കാട്ടാക്കട ഡി.വൈ.എസ്.പി എൻ.ഷിബു,ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ് എന്നിവരുടെ നേതൃത്വത്തിൽ വീട് നിർമാണത്തിനുള്ള ശ്രമം തുടങ്ങി.
ഏകോപന ചുമതല ആര്യനാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എം.എസ്.ഷിബുവിനും നൽകി. രണ്ട് മുറികളും അടുക്കളയും ശുചിമുറിയും ഉൾപ്പടെ മനോഹരമായ ചെറിയ വീട് യാഥാർത്ഥ്യമാക്കാൻ സാമൂഹ്യ പ്രവർത്തകനും കരാറുകാരനുമായ പുനലാൽ സ്വദേശി രാജനും കൂടി കൈകോർത്തതോടെ യാണ് വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്.
തുടർന്ന് താക്കോൽ റേഞ്ച് ഡിഐജി എസ്.അജിതാബീഗം ഭവാനിയ്ക്ക് കൈമാറി. റൂറൽ എസ്.പി കെ.എസ്.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു,ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ തുടങ്ങിയവർ സംബന്ധിച്ചു.