പെരുന്പഴുതൂര്‍ ജംഗ്ഷന് വികസനം; രണ്ടു പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നാളെ
1542389
Sunday, April 13, 2025 6:30 AM IST
നെയ്യാറ്റിന്‍കര : പെരുന്പഴുതൂര്‍ ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട് രണ്ടു പ്രധാന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നാളെ നടക്കും. വൈകുന്നേരം 3.30 ന് അയണിയറത്തലയിലെ നഗരസഭ ഭൂമിയില്‍ ബഡ്സ് സ്കൂളിന്റെയും നാലിന് പെരുന്പഴുതൂര്‍ ജംഗ്ഷനില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും നിര്‍മാണോദ്ഘാടനം ചെയര്മാന് പി.കെ. രാജമോഹനന് നിര്‍വഹിക്കും.
ഗ്രാമപഞ്ചായത്തായിരുന്ന പെരുന്പഴുതൂര്‍ നെയ്യാറ്റിന്‍കര നഗരസഭയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതു മുതല്‍ ഉയരുന്ന പ്രധാന ആവശ്യമാണ് പെരുന്പഴുതൂര്‍ ജംഗ്ഷന് വികസനം. ജംഗ്ഷന് വികസനത്തിന്റെ ആദ്യപടി എന്ന നിലയിൽ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ബഡ്സ് സ്കൂള്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനം നടത്തുന്നത്.
ഭിന്നശേഷിക്കാരായി മാറിയ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടു വരുന്നതിന് 58 ലക്ഷം രൂപ ചെലവഴിച്ച് പെരുമ്പഴുതൂരിലെ നഗരസഭയുടെ ഭൂമിയിൽ ബഡ്സ് സ്കൂൾ പണി കഴിപ്പിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തീകരിച്ച വിവരം 2025- 2026 നഗരസഭ ബജറ്റില്‍ തന്നെ പരാമര്‍ശിച്ചിരുന്നു.
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണത്തിനായി 29 ലക്ഷം രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പെരുമ്പഴുതൂർ മാർക്കറ്റ് വികസനത്തിന്റെ ഭാഗമായി മാർക്കറ്റിന്റെ മുനനിൽ പൊതുജനങ്ങൾക്കു വേണ്ടി നിർമിക്കുന്ന പാർക്ക് വയോജന സമൂഹത്തിനു കൂടെ ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ രൂപകല്പന ചെയ്ത് ദൃശ്യശ്രവണ സംവിധാനത്തോടു കൂടി യാഥാര്‍ഥ്യമാക്കുന്നതിന് 15 ലക്ഷം രൂപയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്.