വരും എംഎല്‍എ ഫണ്ട് വീണ്ടും; പാപ്പാട് കുളം നവീകരിക്കും
1542413
Sunday, April 13, 2025 6:43 AM IST
പേരൂര്‍ക്കട: പാപ്പാട് കുളം നവീകരിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലറുടെ ഉറപ്പ്. വാഴോട്ടുകോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാപ്പാട് കുളമാണ് രണ്ടുതവണ നവീകരണം നടത്തിയിട്ടും ചുറ്റുവേലി ഇടിഞ്ഞ് കാടുകയറി കിടക്കുന്നത്. 2020-ലും 2022-ലുമാണ് എംഎല്‍എ ഫണ്ടായ 17 ലക്ഷവും 42 ലക്ഷവും വിനിയോഗിച്ച് നവീകരിച്ചത്.
കുളത്തിലെ പായലുകള്‍ നീക്കുക, കാടുകയറിക്കിടക്കുന്ന പരിസരം വൃത്തിയാക്കി ഇന്റര്‍ലോക്ക് സ്ഥാപിക്കുക, തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, ചുറ്റുവേലി കെട്ടുക എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഏറ്റവുമൊടുവില്‍ നവീകരണം നടത്തിയശേഷം ഒന്നരവര്‍ഷമായി കുളം നാശോന്മുഖമായി കിടക്കുകയാണ്.
കുളത്തിനു സമീപം ഒരു അങ്കണവാടി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ ഇഴജന്തുക്കളെ ഭയന്നുവേണം ഇവിടെ കഴിയാന്‍ എന്നതാണ് അവസ്ഥ. കുളത്തിന്റെ കരകളില്‍ നിന്ന് മണ്ണിടിഞ്ഞ് കുളത്തിലേക്ക് വീണുകിടക്കുകയാണ്. കരാറുകാര്‍ പണി ശാസ്ത്രീയമായി നടത്താത്തതാണ് വശങ്ങള് കാരണമെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ റാണി വിക്രമന് പറയുന്നത്.
നഗരസഭയുടെ ഭരണം അവസാനിക്കുന്നതിനു മുമ്പുതന്നെ ആവശ്യമായ ഫണ്ട് വകയിരുത്തി കുളം വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുമെന്ന് അവര്‍ ഉറപ്പു പറഞ്ഞു. ആവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് എംഎല്‍എയുടെ ഓഫീസും അറിയിച്ചു.