നമ്പരും തീയതിയും തിരുത്തിയ ലോട്ടറി നൽകി പണം തട്ടി
1541184
Wednesday, April 9, 2025 6:39 AM IST
നെടുമങ്ങാട് : നമ്പരും തീയതിയും തിരുത്തിയ ലോട്ടറി നൽകി കച്ചവടക്കാരനെ കബളിപ്പിച്ച് അജ്ഞാതരായ രണ്ടു പേർ പണവും ലോട്ടറിയും അപഹരിച്ചു. നെടുമങ്ങാട് ഇര്യനാട് സ്വദേശി മോഹനൻ ആശാരിയുടെ പക്കൽ നിന്നാണു ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേർ സമ്മാനം ലഭിച്ചുവെന്ന വ്യാജേന ലോട്ടറിയിൽ സമ്മാനം ലഭിച്ച നമ്പർ വെട്ടി ഒട്ടിച്ച് പണം തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം പഴകുറ്റി വേങ്കവിളയ്ക്കു സമീപത്തുവച്ച് ബൈക്കിലെത്തിയ രണ്ടു പേർ നടന്നു ലോട്ടറി കച്ചവടം ചെയ്യുന്ന മോഹനൻ ആശാരിയിൽനിന്നും 40 പുതിയ ലോട്ടറി ടിക്കറ്റുകളെടുത്തു.
തുടർന്നു തങ്ങളുടെ പക്കലുള്ള 5000 രൂപ വീതം സമ്മാനം ലഭിച്ച ലോട്ടറിയുടെ പണം വേണമെന്നും തങ്ങൾ എടുത്ത ലോട്ടറിയുടെ വില കുറവ് ചെയ്ത് ബാക്കി തുക ആവശ്യപ്പെട്ട് വെട്ടി ഒട്ടിച്ച ലോട്ടറി നൽകുകയും ചെയ്തു. എന്നാൽ ഒന്പതു ലോട്ടറിക്ക് നൽകാനുള്ള സമ്മാനതുക കൈവശമില്ലാത്തതിനാൽ മോഹനൻ ആശാരി ഒരു ടിക്കറ്റ് മാത്രം സ്വീകരിച്ച് അവർ എടുത്ത പുതിയ ലോട്ടറിയുടെ വില കഴിച്ചുള്ള തുക നൽകി.
ഏജൻസിയിൽ എത്തി ടിക്കറ്റ് കൈമാറിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട കാര്യം മോഹനൻ അറിയുന്നത്. 17.03.2025 ലെഒന്നാം സമ്മനം 75 ലക്ഷം നൽകുന്ന വിൻ വിൻ ലോട്ടറിയിൽ 07. 04.2025 എന്ന തീയതിയും w816 എന്ന നമ്പറും ക്യൂആർ കോഡും വെട്ടി ഒട്ടിച്ചിട്ടുണ്ട്.