മുതലപ്പൊഴിയിലെ മണൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണം: ജോസ് കെ. മാണി
1543352
Thursday, April 17, 2025 6:18 AM IST
തിരുവനന്തരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ പൊഴിമുഖത്തടിഞ്ഞ മണൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ പൂർണമായും നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.
പൊഴിമുഖം അടഞ്ഞതോടെ കടലിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. വർഷങ്ങൾക്കുശേഷമാണു മുതലപ്പൊഴിയിൽ ഇത്ര വലിയ തോതിൽ പൂർണമായും മണലടിഞ്ഞ് പൊഴിമുഖം അടയുന്നത്. മണൽ മൂടി പൊഴിമുഖം അടഞ്ഞതിനാൽ ബോട്ടുകളും വള്ളങ്ങളുമടക്കം കടലിലേക്ക് ഇറക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉപജീവനമാർഗ്ഗമായ മത്സ്യബന്ധനം നടത്താനാവാതെ പട്ടിണിയിലാണ്. ആയിരത്തോളം ബോട്ടുകളും 800 ഓളം വള്ളങ്ങളുമാണു കടലിൽ ഇറക്കാൻ കഴിയാതെ കരയിലിരിക്കുന്നത്. മറ്റു മത്സ്യബന്ധന കേന്ദ്രങ്ങളിലേക്ക് മീൻ പിടുത്തത്തിനു പോകുവാൻ അവിടുത്തെ തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ എതിർപ്പുള്ളതിനാൽ അതിനും സാധിക്കുന്നില്ല. ഈ വർഷത്തെ മത്സ്യബന്ധന സീസൺ ഉടൻ ആരംഭിക്കുകയാണ്.
കാര്യക്ഷമമല്ലാത്ത ഡ്രഡ്ജറാണ് കഴിഞ്ഞ ദിവസങ്ങളിൽ മണൽ നീക്കത്തിന് ഉപയോഗിച്ചതെന്ന ആക്ഷേപവും ശക്തമാണ്. ഈ പ്രതിസന്ധി ഉടൻ പരിഹരിക്കാൻ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ മണൽ നീക്കം ആരംഭിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.