കാട്ടുപന്നിക്കൂട്ടം പൈനാപ്പിൾകൃഷി നശിപ്പിച്ചു
1543370
Thursday, April 17, 2025 6:33 AM IST
നെടുമങ്ങാട്: പനവൂർ കൃഷിഭവനു കീഴിലെ കൊങ്ങണംകോട് ചിറപ്പതിയിൽ വിളവെടുപ്പിന് തയ്യാറായ ഏഴേക്കറോളം പ്രദേശത്തെ പൈനാപ്പിൾ തോട്ടം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.
മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സജി എന്ന കർഷകന്റെ നേതൃത്വത്തിൽ നടത്തിവന്ന പാട്ടകൃഷിയാണ് നാമാവശേഷമായത്. കടുത്ത വേനലിൽ മൂന്നര ലക്ഷത്തോളം രൂപ ചെലവിട്ട് ഓലപ്പന്തലുകെട്ടിയും ടാങ്കറിൽ വെള്ളമെത്തിച്ചുമാണ് കർഷകൻ പൈനാപ്പിൾ തോട്ടം പരിപാലിച്ചിരുന്നത്.
കഴിഞ്ഞദിവസം രാത്രിയിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിയിടം പൂർണമായി നശിപ്പിക്കുകയായിരുന്നു. കൃഷി-വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ബന്ധപ്പെട്ടവർ കൈമലർത്തുകയാണെന്നു പരാതിയുണ്ട്.