കാല്‍നടയാത്രക്കാര്‍ ജാഗ്രതൈ; കാത്തിരിക്കുന്നതു ചതിക്കുഴികള്‍..!
1543359
Thursday, April 17, 2025 6:26 AM IST
പേരൂര്‍ക്കട: പടിഞ്ഞാറേക്കോട്ട സബ് ട്രഷറിക്കു സമീപം കാല്‍നടയാത്രികരെ കാത്തിരിക്കുന്നത് ചതിക്കുഴികള്‍. റോഡുവശത്തുകൂടി കടന്നുപോകുന്ന സ്ലാബുകള്‍ ഇളകിക്കിടക്കുന്ന ഓടയാണ് ഇവര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നത്. ട്രഷറിക്കു സമീപത്തുനിന്ന് മുരുകന്സ്വാമി ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ തുടക്കത്തിലാണ് ഒരു സ്ലാബ് ഇളകി ഓടയില്‍ വീണുകിടക്കുന്നത്. മറ്റൊന്ന് സബ്ട്രഷറി റോഡ് അവസാനിക്കുന്ന ഭാഗത്താണ്.
ട്രഷറിക്ക് എതിര്‍വശത്തായി കടകള്‍ക്കു സമീപവും സ്ലാബ് പൊട്ടിക്കിടക്കുന്നുണ്ട്. ഇളകിയ സ്ലാബുകളില്‍ ചവിട്ടിയാല്‍ നേരേ പോകുന്നത് ഒന്നരയാള്‍ താഴ്ചയുള്ള ഓടയിലേക്കാണ്. ഇതിനകം നിരവധിപേരാണ് അത്യാഹിതത്തില്നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുള്ളത്. സ്ലാബുകളുടെ പ്രശ്നം ഒരുവശത്ത് നില്ക്കുമ്പോള് മറുവശത്തുള്ളത് കാല്‍നടയാത്രികര്‍ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് നടപ്പാതയില്‍ വച്ചിട്ടുള്ള തടസങ്ങളാണ്.
കേബിളുകള്‍ ചുരുട്ടി സൂക്ഷിക്കുന്ന വുഡ് വീലും സേഫ്റ്റികോണുകളും ഈ ഭാഗത്ത് കാണാന്‍ സാധിക്കും. വാഹനങ്ങള്‍ നിരനിരയായി പാര്‍ക്ക് ചെയ്യാറുള്ളതിനാല്‍ ട്രഷറിക്കു സമീപത്തുകൂടി പോകുന്നവര്‍ക്ക് നടപ്പാത മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
നിരന്തരം സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും കടന്നുപോകുന്നതിനാല്‍ നടപ്പാത തീര്‍ച്ചയായും ഉപയോഗിക്കേണ്ടതായിവരും. എന്നാല്‍ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് അപകടഭീഷണി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.