പാസുമായി ഇനി പോറ്റിസാർ വരില്ല
1543354
Thursday, April 17, 2025 6:18 AM IST
എസ്. മഞ്ജുളാദേവി
ഇക്കഴിഞ്ഞ മാർച്ച് 15. തൈക്കാട് ഭാരത് ഭവന്റെ വേദി. സംഗീത ഇതിഹാസം ജി. ദേവരാജൻ മാസ്റ്ററെയും ഭാവഗായകൻ പി. ജയചന്ദ്രനെയും അനുസ്മരിക്കുന്ന ചടങ്ങ് നടക്കുകയാണ്. ചടങ്ങിന്റെ ഭാഗമായി തലസ്ഥാന നഗരത്തിലെ കലാ-സാംസ്കാരിക പരിപാടികളുടെ നിറസാന്നിധ്യമായ എൻ. രഘുരാമൻ പോറ്റിയെ ആദരിക്കുന്നുണ്ട്...
ജി. ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക്ക് അക്കാഡമി, ദേവരാഗപുരവും ഭാരത് ഭവനുമായി ചേർന്ന് സംഘടിപ്പിക്കുന്നതാണ് ചടങ്ങ്.
രഘുരാമൻ പോറ്റി വേദിയിലേക്കു പതിയെ നടക്കുന്നു. ആദരവ് ഏറ്റുവാങ്ങുന്ന ചടങ്ങായതുകൊണ്ടു തന്നെ തോളിൽ പതിവുള്ള ബാഗില്ല. തോൾ സഞ്ചിയില്ലാത്ത പോറ്റിസാറിനെ കാണുക അപൂർവമാ ണ്. വേദിയിൽ മുഖ്യപ്രഭാഷകനായ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രനും ഭാരത് ഭവൻ മെന്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂരും ചേർന്ന് രഘുരാമൻ പോറ്റിയെ പൊന്നാട അണിയിക്കുന്നു.
ചിത്രത്തിൽ കാണുന്നതു പോലെ പുഞ്ചിരിയോടെ നിറഞ്ഞ അഭിമാനത്തോടെ പോറ്റിസാർ നിൽക്കുന്നു. തുടർന്നു രണ്ടുവാക്ക് പറയുവാനായി മൈക്ക് വാങ്ങുന്നു. ജി. ദേവരാജൻ മാസ്റ്ററുമായി എനിക്കു നല്ല അടുപ്പമുണ്ടായിരുന്നു എന്നു പറഞ്ഞുതുടങ്ങിയതും വേദിയിൽ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
സംഘാടകർ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയ്ക്കിടയിൽ ഇന്നലെ പുലർച്ചെയാണ് വിടവാങ്ങിയത്. തലസ്ഥാനത്തിന്റെ ഹംസം എന്നുപലരും വിശേഷിപ്പിച്ച എൻ. രഘുരാമൻ പോറ്റിക്ക് ഒരു ജന്മനിയോഗമുണ്ടായിരുന്നു. കലാ-സാംസ്കാരിക വേദികളിലേക്കു ആസ്വാദകരെ എത്തിക്കുക എന്നതായിരുന്നു അത്. വിഎസ്എസ്സിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിഎസ്എസ്സിയുടെ കലാ-സാംസ്കാരിക സംഘടനയായ ബീമിന്റെ പ്രവർത്തനത്തിലൂടെയാണ് പാസ് വിതരണ ലോകത്തെത്തിയത്. നീണ്ടവർഷമായി തോൾ സഞ്ചിയുമായി കലാവേദികളിൽ നിന്നും കലാവേദികളിലേക്കു പോറ്റിസാർ നടക്കുകയായിരുന്നു.
തോളിലെ ബാഗ് മുഴുവൻ തിരുവനന്തപുരത്തു നടക്കുവാൻ പോകുന്ന കലാ-സാംസ്കാരിക പരിപാടികളുടെ നോട്ടീസുകളായിരുന്നു. 81 വയസിന്റെ പ്രശ്നങ്ങൾ മറന്ന് ഓരോ വേദിയിലും സമയത്ത് കലാസ്വാദകർക്കെല്ലാം ഇവ വിതരണം ചെയ്യും. തലസ്ഥാനത്തെ വേദികളിലെ എല്ലാ പ്രധാന പരിപാടികളും ഹൃദിസ്ഥം. നഗരത്തിലെ വന്പൻ സംഘടനകളും ചെറിയ സംഘടനകളും ഒരുപോലെ രഘുരാമൻ പോറ്റിയെ പാസ് നല്കുവാൻ നിയോഗിച്ചിരുന്നു.
പോറ്റിസാർ ഉണ്ടെങ്കിൽ ജനം എത്തും എന്ന ഒരു വിശ്വാസം എല്ലാ സംഘടനാ ഭാരവാഹികൾക്കും ഉണ്ടായിരുന്നു. പാസ് വിതരണം നടത്തുന്ന രഘുരാമൻ പോറ്റിയെ പലരും പാസ് സ്വാമി എന്നും സ്നേഹപൂർവം വിളിച്ചിരുന്നു.
കലാകാരന്മാരെ വളരെയേറെ സ്നേഹിച്ചിരുന്ന രഘുരാമൻ പോറ്റി അവസാന വേദിയായ ഭാരത് ഭവനിലെത്തിയത് വളരെ സന്തോഷത്തോടെയായിരുന്നു. ജി. ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെയും ദേവരാഗപുരത്തിന്റെയും സെക്രട്ടറിയും സംഗീത സംവിധായകനുമായ സതീഷ് രാമചന്ദ്രനും ഡോ. കെ. ഓമനക്കുട്ടിയും അടങ്ങുന്ന ഇത്തരമൊരു പ്രമുഖ സദസിൽ ആദരിക്കപ്പെടുന്നത് ആദ്യമായിട്ടാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.