അമ്പലമുക്ക്-പരുത്തിപ്പാറ റോഡ് നവീകരണത്തിനു തുടക്കം
1543365
Thursday, April 17, 2025 6:26 AM IST
പേരൂര്‍ക്കട: അമ്പലമുക്ക് മുതല്‍ മുട്ടട വഴി പരുത്തിപ്പാറ വരെയുള്ള 2.2 കിലോമീറ്റര്‍ റോഡും അമ്പലമുക്ക് മുതല്‍ എന്‍സിസി റോഡ് വഴി പൂമല്ലിയൂര്‍ക്കോണം വരെയുള്ള 1.55 കിലോമീറ്റര്‍ റോഡും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകളുടെ നവീകരണവും ഇതിനൊപ്പം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 3.8 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. മേയ് പകുതിയോടെ നവീകരണം പൂര്‍ത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് വി.കെ. പ്രശാന്ത് എംഎല്‍എ പറഞ്ഞു.
നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന നെട്ടയം-മൂന്നാംമൂട്-മണലയം റോഡ് പണികൂടി പൂര്‍ത്തീകരിക്കുന്നതോടെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 90 ശതമാനം റോഡുകളുടെയും നവീകരണം പൂര്‍ത്തിയാകുമെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.