സ്കൂട്ടറപകടത്തിൽ യുവാവ് മരിച്ചു
1543078
Wednesday, April 16, 2025 10:51 PM IST
പൂവാർ: ഭക്ഷണം വാങ്ങാൻ സ്കൂട്ടറിൽ പോയ യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചു. കരുംകുളം കൊച്ചുതുറ മുടിപ്പുര തട്ട് പൊറ്റയിൽ ബിനുഭവനിൽ പരേതനായ സേവ്യർ-അരുൾശീലി ദമ്പതികളുടെ മകൻ ജിമ്മി റോയ് (45) ആണ് മരിച്ചത്. പാലക്കാട് ചെറുകോൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ഗ്രേഡ് വൺ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്.
കഴിഞ്ഞദിവസം രാത്രി 7.30 ഓടെ കൊച്ചുതുറയിൽ നിന്നും പൂവാറിലേക്ക് പോകുന്നതിനിടയിൽ എരിക്കലുവിളയ്ക്ക് സമീപമായിരുന്നു അപകടം. സ്കൂട്ടർ റോഡിൽ തെന്നി വീണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
റോഡിൽ കിടന്ന ജിമ്മി റോയിയെ നാട്ടുക്കാർ പൂവാർ ഗവ. ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
പണ്ടാരവിള വീട്ടിൽ പൊതുദർശനത്തിന് ശേഷം ഇന്നലെ വൈകുന്നേരം നാലിനുകൊച്ചുതുറ സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. പ്രാർഥന: തിങ്കൾ രാവിലെ 11ന് കൊച്ചുതുറ പള്ളിയിൽ. ഭാര്യ: ശാലുജ. മകൾ : ഏഞ്ചലീന എസ്. റോയ്. പൂവാർ പോലീസ് കേസെടുത്തു.