എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഗുണ്ട പോലീസിന്റെ കണ്ണില്‍പ്പെടാതെ മുങ്ങി
1541182
Wednesday, April 9, 2025 6:39 AM IST
പേരൂര്‍ക്കട: എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട രഹസ്യമായി വീട്ടിലെത്തിയ ശേഷം വീണ്ടും മുങ്ങി. പൂജപ്പുര സ്റ്റേഷനിലെ എസ്ഐ സുധീഷിനാണ് വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടി ഗുണ്ടയുടെ കുത്തേറ്റത്.
പൂജപ്പുര കല്ലറവിള ദേവീക്ഷേത്രത്തിനു സമീപം താമസിക്കുന്ന ശ്രീജിത്ത് ഉണ്ണി (30) യാണ് എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവദിവസം ക്ഷേത്രത്തിനുസമീപം മദ്യപിച്ചു ശ്രീജിത്ത് ഉണ്ണി പ്രശ്നമുണ്ടാക്കുന്നുവെന്ന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐ സുധീഷ് സ്ഥലത്തെത്തിയത്. ജീപ്പില്‍ ഇദ്ദേഹത്തിനൊപ്പം എസ്ഐ ഹരീന്ദ്രന്‍, എഎസ്ഐ അഭിലാഷ്, ഒരു ഹോം ഗാര്‍ഡ് എന്നിവരും ഉണ്ടായിരുന്നു.
ശ്രീജിത്തിനെ പിടികൂടിയെങ്കിലും ഇയാള്‍ കുതറിയോടാന്‍ ശ്രമിച്ചു. സുധീഷ് ഗുണ്ടയെ ഓടിച്ചിട്ടു പിടികൂടിയശേഷം ജീപ്പിനരികിലെത്തിച്ചപ്പോഴാണ് കൈവശമിരുന്ന കത്തി ഉപയോഗിച്ച് ശരീരത്തില്‍ കുത്താന്‍ ശ്രമിച്ചത്. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ കുത്തേല്‍ക്കുകയായിരുന്നു. വലതുകൈയിലെ ചെറുവിരലിനും മോതിരവിരലിനും ഇടയ്ക്കാണ് കുത്തേറ്റത്.
വിരലുകളുടെ ഇടഭാഗം കീറിപ്പോയി. ഇതിനിടെ ശ്രീജിത്ത് ഉണ്ണി സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രിയാണ് ശ്രീജിത്ത് ഉണ്ണി സ്ഥലത്തെത്തിയത്. ഇയാളെ സമീപവാസികള്‍ കണ്ടിരുന്നു.
പോലീസ് ഉടന്‍ എത്തുമെന്നു മനസ്സിലായതോടെ വീട്ടില്‍നിന്നു പ്രതി മുങ്ങുകയായിരുന്നു. അതേസമയം ശ്രീജിത്ത് ഉണ്ണിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പോലീസ് നടത്തിവരുന്നുണ്ട്.