യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടംഗസംഘം പിടിയിൽ
1541181
Wednesday, April 9, 2025 6:32 AM IST
പേരൂര്‍ക്കട: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടംഗസംഘത്തെ മ്യൂസിയം പോലീസ് പിടികൂടി. കാരോട് മാറാടി ജനത ലൈബ്രറിക്കു സമീപം ആദര്‍ശ് നിവാസില്‍ അപ്പു എന്നു വിളിക്കുന്ന ആദര്‍ശ് (19), കാരോട് എണ്ണവിള കനാല്‍ ട്രേഡേഴ്സിനു സമീപം അഭിജിത്ത് കോട്ടേജില്‍ അമിത് കുമാര്‍ (24) എന്നിവരാണ് പിടിയിലായത്.
ഏപ്രില്‍ ഏഴിനു പുലര്‍ച്ചെ ഒരുമണിയോടുകൂടിയാണ് കേസിന്നാസ്പദമായ സംഭവം. കരിമഠം സ്വദേശി ഷിബിന്‍ (25) ആണ് കഴുത്തില്‍ കുത്തേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം ഓവര്‍ബ്രിഡ്ജിനു സമീപം ഒരുമാസം മുമ്പുണ്ടായ അടിപിടിയാണ് കുത്തുകേസില്‍ കലാശിച്ചത്.
ഷിബിന്റെ സുഹൃത്ത് കാല്വിന് ഈ ഭാഗത്ത് മൊബൈല്‍ഫോണ്‍ ഷോപ്പ് നടത്തിവന്നിരുന്നു. ഇവിടെയെത്തിയ പ്രതികള്‍ കാല്‍വിനുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതില്‍ ഷിബിന്‍ ഇടപെടുകയും ചെയ്തു. ഈ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.
സംഭവദിവസം പട്ടത്തിനടുത്തുള്ള ഒരു ചായക്കടയിലെത്തിയ പ്രതികള്‍ ഷിബിനെ കാണുകയും ഇയാളെ കഴുത്തിനു കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കൃത്യം നടത്തിയശേഷം ഇന്നോവ കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മ്യൂസിയം സിഐ വിമലിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിക്കുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ പാറശാലയില്വച്ചാണ് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസിപി ബി.വി. വിജയ്ഭരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലര്‍, എസ്ഐമാരായ വിപിന്‍, ഷെഫിന്, സിപിഒമാരായ ശരത്ചന്ദ്രന്, ഡിക്സണ്‍, രഞ്ജിത്ത്, രാജേഷ്, അരുണ്‍ദേവ്, സാജന്, വിജിന്, ഷിനി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.