നിയന്ത്രണംവിട്ട പിക്ക്അപ് വാൻ ഇടിച്ചു ബേക്കറി തകർന്നു; തൊഴിലാളിയുടെ കൈയൊടിഞ്ഞു
1541180
Wednesday, April 9, 2025 6:32 AM IST
പേരൂര്‍ക്കട: നിയന്ത്രണംവിട്ട പിക്അപ് വാന്‍ ബേക്കറി തകര്‍ത്തു. അപകടത്തില്‍ ബേക്കറി തൊഴിലാളിയുടെ കൈയൊടിഞ്ഞു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരം മൂന്നോടെ മണ്ണന്തല സ്റ്റേഷന് പരിധിയില്‍ സൂര്യപ്രഭ ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. നിര്‍മാണ സാമഗ്രികളുമായി വട്ടപ്പാറയില്‍നിന്ന് നാലാഞ്ചിറയിലേക്കു വരികയായിരുന്ന പിക്അപ് വാനാണ് ഓഡിറ്റോറിയത്തിന് എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന ടേസ്റ്റ് വേള്‍ഡ് എന്ന ബേക്കറി തകര്‍ത്തത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണംവിടാനും ബേക്കറിയിലേക്ക് ഇടിച്ചുകയറാനും കാരണമെന്നു പോലീസ് പറഞ്ഞു.
ബേക്കറിയിലെ ജീവനക്കാരന് സുലൈമാന്റെ കൈയാണ് ഒടിഞ്ഞത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറും നിസാര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. വാന്‍ റിക്കവറിവാഹനം ഉപയോഗിച്ച് സ്ഥലത്തുനിന്നു നീക്കി. മണ്ണന്തല പോലീസ് കേസെടുത്തു.