നെയ്യാറ്റിന്‍കര നഗരസഭയുടെ ശാന്തിയിടം വാതകശ്മശാനം യാഥാര്‍ഥ്യത്തിലേക്ക്
1541177
Wednesday, April 9, 2025 6:32 AM IST
നെയ്യാറ്റിൻകര: നഗരസഭ മലഞ്ചാണിയില്‍ നിര്‍മിക്കുന്ന "ശാന്തിയിടം' വാതക ശ്മമാനത്തില് അടുത്ത മാസം യന്ത്രസാമഗ്രികള്‍ സ്ഥാപിക്കും. മൂന്നു മാസത്തിനകം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് നഗരസഭ തീരുമാനം.
5,000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ നിര്‍മാണമാണ് ശാന്തിയിടത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആദ്യം 95 ലക്ഷം രൂപ നീക്കിവച്ചെങ്കിലും ഈ തുക അപര്യാപ്തമെന്നു ബോധ്യമായതിനെ തുടര്‍ന്ന് 2025-26 സാന്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 75 ലക്ഷം രൂപകൂടി വകയിരുത്തി.
കെട്ടിടത്തിന്റെ അടിസ്ഥാനശില സ്ഥാപിക്കല്‍, കോൺക്രീറ്റിംഗ് എന്നിവ ഇതിനകം പൂര്‍ത്തിയായി. തൂണുകള്‍ സ്ഥാപിച്ചു ചുമരും മേല്‍ക്കൂരയും ഒരുക്കുകയാണ് അടുത്ത ഘട്ടം. ശാന്തിയിടത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തായി ആകര്‍ഷകമായ ഉദ്യാനം നിര്‍മിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരത്തിന്റെ ആകാശക്കാഴ്ച ആസ്വദിക്കാനാവും വിധം മലഞ്ചാണി മലയുടെ ഒരു ഭാഗത്ത് വ്യൂ പോയിന്റും നഗരസഭ പരിഗണിക്കുന്നു.
വാഹനപാര്‍ക്കിംഗിനും പ്രത്യേക ക്രമീകരണവും ഏർപ്പെടുത്തും. എംഎല്‍എ ഫണ്ടും നഗരസഭാ ഫണ്ടും ഉപയോഗിച്ച് ശാന്തിയിടത്തേയ് ക്കുള്ള റോഡ് ടാര്‍ ചെയ്ത് നവീകരിച്ചു കഴിഞ്ഞു. പെരുന്പഴുതൂരില്നിന്നും ശാന്തിയിടത്തേയ് ക്കുള്ള റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ ആലോചനയിലാണ് നഗരസഭ. ശാന്തിയിടത്തിന് ആവശ്യമായ ജലം ലഭ്യമാക്കാന്‍ കുഴല്‍ക്കിണറും നിര്‍മിച്ചു. മലഞ്ചാണി പ്രദേശത്തെ തദ്ദേശീയര്‍ക്കായി ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ക്കും നഗരസഭ തുടക്കം കുറിച്ചു.
നഗരസഭ നിവാസികളുടെ വളരെ വര്‍ഷക്കാലത്തെ പ്രധാന ആവശ്യങ്ങളിലൊന്നായ പൊതുശ്മശാനം ഇത്തരത്തില്‍ സാക്ഷാത്കരിക്കാന്‍ നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഏറെ വെല്ലുവിളികളെ നേരിടേണ്ടി വന്നു. പലയിടത്തും പൊതുശ്മശാനത്തിനുള്ള വസ്തു കണ്ടെത്തിയെങ്കിലും വിവിധ തരത്തിലുള്ള എതിര്‍പ്പുകളെത്തുടര്‍ന്ന് നിര്‍മാണം നടന്നില്ല.
ഈ സാഹചര്യത്തിലാണ് നഗരസഭയിലെ പ്ലാവിള വാര്‍ഡിലെ മലഞ്ചാണി മലയില്‍ ഒരേക്കറോളം പുരയിടം നഗരസഭ വാങ്ങിയതും ഇക്കഴിഞ്ഞ ഡിസംബറില്‍ വാതക ശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.