ആഢംബര കാറിലെത്തിയ കഞ്ചാവുകടത്തു സംഘം പിടിയിൽ
1541172
Wednesday, April 9, 2025 6:32 AM IST
വിഴിഞ്ഞം: വ്യാജ രജിസ്ട്രേഷൻ നമ്പറിലുള്ള ആഢംബര കാറിലെത്തിയ രണ്ട് തൃശൂർ സ്വദേശികളെ പോലീസ് പിടികൂടി. കഞ്ചാവ് കടത്തു സംഘത്തിലെ പ്രതികളായ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
തൃശൂർ സ്വദേശികളായ ശശികുമാർ (56), അനന്തു ബാബു (28) എന്നിവരെയാണ് വിഴിഞ്ഞം പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം വിഴിഞ്ഞം ഉച്ചക്കടയിൽ സംശയകരമായിക്കണ്ട മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘത്തെ തടഞ്ഞു നിർത്തിയ പോലീസ് ചോദ്യം ചെയ് തെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
തുടർന്നു സ്റ്റേഷനിൽ കൊണ്ടുവന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വമ്പൻമാരാണെന്നു തെളിഞ്ഞത്. പാലാരിവട്ടം, തൃശൂർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേസുള്ളതായും പോലീസ്കണ്ടെത്തി.
കണ്ണൂർ സ്വദേശിയുടെ കാറിന്റെ നമ്പർ വ്യാജമായി നിർമിച്ചതാണെന്നും പിടികൂടിയ കാറിന്റെ എൻജിൻ നമ്പർ കോയമ്പത്തൂർ രജിസ്ട്രേഷനാണെന്നും കണ്ടെത്തി. മുൻപ് ഉച്ചക്കടയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയത്തിലാകം സംഘം ഇവിടം കേന്ദ്രികരിച്ചതെന്നും പോലീസ് സംശയിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.