ടൂറിസം രംഗത്തു കേരളം മത്സരിക്കുന്നത് ലോകരാജ്യങ്ങളുമായി: പി.എ. മുഹമ്മദ് റിയാസ്
1541165
Wednesday, April 9, 2025 6:24 AM IST
പൊന്മുടി അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തു
വിതുര: ടൂറിസം രംഗത്തു ലോകരാജ്യങ്ങളുമായാണു കേരളം മത്സരിക്കുന്നതെന്നും സാധ്യമാകുന്ന പുതിയ ആശയങ്ങളെല്ലാം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊന്മുടിയിൽ പുതുതായി നിർമിച്ച സർക്കാർ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്യുകയായി രുന്നു മന്ത്രി മുഹമ്മദ് റിയാസ്.
നാലു നിലകളിലായി 22 റൂമുകളാണ് 12 കോടി 27 ലക്ഷം രൂപ ചെലവഴിച്ച് പൊന്മുടിയിൽ നിർമിച്ചിട്ടുള്ളത്. ഗസ്റ്റ് ഹൗസുകൾ ഇനിയും നവീകരിച്ചു മുന്നോട്ടു പോകണം എന്നുള്ളതാണ് സർക്കാരിന്റെ കാഴ്ചപ്പാട്.
കേരളത്തിൽ 212 റൂമുകൾ കൂടി ഈ വർഷം പൂർത്തിയാക്കാൻ ഉദേശിക്കുന്നുണ്ട്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ 39 റൂമുകളുടെ പുതിയ ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. കന്യാകുമാരിയിലും ഗുരുവായൂരും സുൽത്താൻ ബത്തേരിയിലും പഴയ ബ്ലോക്കിന്റെ നവീകരണം പൂർത്തിയാക്കി. വർക്കലയും പീരുമേടും ആലുവയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം യാത്രി നിവാസിന്റെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കോവിഡിനു ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവാണുണ്ടായിട്ടുള്ളത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുതിപ്പ് നമ്മുടെ സംസ്ഥാനത്തുണ്ടായി. ടൂറിസം ജനങ്ങൾക്കു വേണ്ടിയാണ്, ജനങ്ങളാണ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡി.കെ. മുരളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.