തുറമുഖം കമ്മീഷനിംഗ് ഇനിയും വൈകിയേക്കും : ഉദ്ഘാടന കാര്യത്തിൽ തീരുമാനമായില്ല
1541162
Wednesday, April 9, 2025 6:24 AM IST
രാജേന്ദ്രകുമാർ
വിഴിഞ്ഞം : മെസ്കിന്റെ കൂറ്റൻ കണ്ടെയ്നർ കപ്പലിനെ സാക്ഷിയാക്കി കൊളംബോ പോർട്ടിൽ അദാനി പുതിയതായി നിർമിച്ച ടെർമിനൽ ശ്രീലങ്കക്ക് സമർപ്പിച്ചു. തിങ്കളാഴ്ച ആഡംബര ൂർവമായ കമ്മിഷനിംഗ് എന്ന ഉദ്ഘാടനവും നടന്നു. എന്നാൽ സാൻഫെർണാണ്ടോ എന്ന കപ്പൽ കൊണ്ടുവന്ന് ട്രയൽ റൺ ആഘോഷപൂർവം കൊണ്ടാടിയ അദാനിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് കാര്യം അനന്തമായി തുടരുന്നു.
നിരന്തരം കപ്പൽ വരവ് തുടങ്ങിയിട്ടും ഉദ്ഘാടകന്റെ വരവിനായുള്ള കാത്തിരിപ്പിന് ഒൻപത് മാസം കഴിയുന്നു. അഞ്ചു വർഷം കൊണ്ടു പൂർത്തികരിച്ച 1400 മീറ്റർ നീളവും 20 മീറ്റർ ആഴവുമുള്ള ടെർമിനലാണ് കഴിഞ്ഞ ദിവസം ശ്രീലങ്കക്ക് സമർപ്പിച്ചത്.
വിഴിഞ്ഞം പോലെ സമ്പൂർണ ഓട്ടോമാറ്റിക് ടെർമിനൽ തുറമുഖമാണ് കൊളംബോ. കടൽ മാർഗമുള്ള ചരക്കു നീക്കത്തിനു പരികരയിലൂടെ റോഡ്മാർഗവുംറെയിൽവേ വഴിയും ശ്രീലങ്കയുടെ എല്ലായിടത്തും കൊളംബോ തുറമുഖത്ത് നിന്നുള്ള ചരക്ക് എത്തിക്കാൻ കഴിയുന്ന തരത്തിലുള്ള നിർമാണമാണ് പൂർത്തിയാക്കിയത്.
നിർമാതാക്കളുടെ കഴിവും സർക്കാരിന്റെ ഇച്ഛാശക്തിയും ഒത്തുചേർന്നതോടെയാണ് അഞ്ചു വർഷം കൊണ്ട് ഒരു വികസന പ്രവൃത്തി ഫലപ്രാപ്തിയിലായത് . ഒരേ സമയം രണ്ടു കൂറ്റൻ കപ്പലുകളെ ബർത്തിൽ അടുപ്പിക്കാമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ കടലിൽ മാത്രം കപ്പലടുപ്പിച്ചു വിഴിഞ്ഞം തുറമുഖത്തെപ്പറ്റിയുള്ള അധികൃതരുടെ പൊങ്ങച്ചവും തുടരുന്നുണ്ട്.
ഒൻപത് വർഷം കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കി കപ്പലടുപ്പിച്ച് ഒൻപത് മാസം പിന്നിടുമ്പോഴും കമ്മീഷൻ ചെയ്യാൻ പോലും ആളില്ലാത്ത അവസ്ഥയിലാണ് വിഴിഞ്ഞം തുറമുഖം. കര മാർഗം കണ്ടെയ്നർ ഗതാഗതം സുഗമമായി നടന്നുള്ള വികസനം കാണണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. രണ്ട് കിലോമീറ്ററിനടുത്ത് മാത്രം വരുന്ന തുറമുഖ കണക്ടിവിറ്റി റോഡിന്റെ പണി തുടങ്ങി പത്തു വർഷത്തോടടുക്കുമ്പോഴും അവസാനം കാണുന്ന മട്ടില്ല.
ജനത്തെ ബോധ്യപ്പെടുത്താൻ തുറമുഖത്തുനിന്നു കരയിലൂടെ കണ്ടെയ്നർ കൊണ്ടുപോകുന്നതിനു തീരുമാനിച്ച് നിർമിക്കാൻ തുടങ്ങിയ താല്കാലിക റോഡിന്റെ പണിയും ഒച്ചിഴയും പോലെ തുടരുകയാണ്. താല്കാലിക റോഡിന്റെ അവസാനവും എന്നുണ്ടാകുമെന്ന് അധികൃതർക്കും നിശ്ചയമില്ല.
അന്താരാഷ്ട്ര തുറമുഖം വന്നതോടെ വിഴിഞ്ഞം വികസനക്കുതിപ്പിലായെന്ന അധികൃതരുടെ ഇടവിട്ടുള്ള അവകാശവാദത്തി ലും ജനത്തിനു വിശ്വസമില്ലാതായി. തൊഴിൽ നഷ്ടപ്പെട്ട കുറച്ചു പേർക്ക് നഷ്ടപരിഹാരവും ചുരുക്കം ചിലർക്ക് തുറമുഖത്തിനുള്ളിൽ തൊഴിലും നൽകിയതൊഴിച്ചാൽ പുറംലോകം കണികാണുന്ന വികസനങ്ങൾ ഇനിയും ലക്ഷ്യമില്ലാതെ തുടരുകയാണ്. എന്നാൽപദ്ധതി കൊണ്ടുവന്നതിന്റെ അവകാശവാദങ്ങൾക്കും പൊങ്ങച്ചങ്ങൾക്കും മാത്രം ഇപ്പോഴും കുറവില്ല താനും.
തുറമുഖത്ത് അടുത്ത കപ്പലുകൾ ലക്ഷക്കണക്കിനു കണ്ടെയ്നറുകൾ കൊണ്ടുവന്നെങ്കിലും ഒരെണ്ണം പോലും നാളിതുവരെയും കരയിലൂടെ കൊണ്ടുപോകാനായില്ല. ഇതിന്റെ പേരുദോഷം ഒഴിവാക്കാനാണ് ഉള്ളതു പൂർത്തിയാക്കാതെ താല്കാലിക റോഡ് നിർമിച്ച് കണ്ടെയ്നർ കൊണ്ടുപോകാനുള്ള അധികൃതരുടെ ശ്രമം.
വിഴിഞ്ഞം - കളിയിക്കാവിള തീരദേശ റോഡ് മുറിച്ചു കടന്നുപോകുന്ന തുറമുഖ റോഡിൽ മുല്ലൂരിലെ ഗതാഗത നിയന്ത്രണത്തെക്കുറിച്ചും അധികൃതർക്ക് വ്യക്തമായ അറിവില്ല. കണ്ടെയ്നർ നീക്കം സുഗമമാകണമെങ്കിൽ റെയിൽവേയും വിഴിഞ്ഞം നാവായിക്കുളം റിംങ്ങ് റോഡും തീരദേശ ഹൈവേയും പൂർത്തിയാകണം.
ബാലരാമപുരം മുതൽ വിഴിഞ്ഞം വരെ നീളുന്ന ഭൂഗർഭ റെയിൽവേക്കുള്ള ഡിപിആർ സർക്കാർ അംഗീകരിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കി നിർമാണത്തിന്റെ അവസാനം കാണണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം.
പത്ത് വർഷത്തിനുമുൻപ് ഏറ്റെടുത്ത ഭൂമി സർക്കാരിനു കൈമാറിയി ട്ടില്ല. ഏറ്റെടുത്ത ഭൂമിയിൽ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടുമില്ല. കാടും പടലും പിടിച്ച് ഇഴജന്തുക്കളുടെ താവളമായി നാട്ടുകാർക്ക് ശാപമായിക്കിടക്കുകയാണ് വികസനത്തിനെന്ന പേരിൽ ഏറ്റെടുത്ത ഭൂമി.