വെള്ളയന്പലം- ചെന്തിട്ട റോഡ് നിർമാണം 25ന് പൂർത്തിയാകും
1540726
Tuesday, April 8, 2025 2:35 AM IST
തിരുവനന്തപുരം: സ്മാർട് സിറ്റി റോഡ് പദ്ധതിയിൽ ഉൾപ്പെട്ട വെള്ളയന്പലം- ആൽത്തറ- വഴുതക്കാട്- തൈക്കാട്-ചെന്തിട്ട റോഡിന്റെ നിർമാണം ഈ മാസം 25ന് പൂർത്തിയാകും. മൂന്നു കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് 77.81 കോടി രൂപ മുടക്കിയാണ് നവീകരിക്കുന്നത്.
ആൽത്തറ മുതൽ നോർക്ക ജംഗ്ഷൻ വരെയും മേട്ടുക്കട മുതൽ ഫ്ളൈ ഓവർ വരെയും നാലു വരിപ്പാതയായും നോർക്ക മുതൽ മേട്ടുക്കടവരെ രണ്ടു വരിപ്പാതയായുമാണ് നിർമാണം. ഇതോടൊപ്പം വെള്ളയന്പലം മുതൽ ആൽത്തറ വരെയുള്ള 300 മീറ്റർ ദൂരവും നാലുവരിയായി നിർമാണം പൂർത്തിയാക്കി.
98 ശതമാനവും നിർമാണം പൂർത്തിയായ റോഡിൽ മിനുക്കുപണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ മുഴുവൻ കുടിവെള്ള പൈപ്പ് ലൈനുകളും പുനഃസ്ഥാപിച്ച് ഉപയോക്താക്കൾക്ക് പുതിയ കണക്ഷൻ നൽകി. നിലവിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റി അണ്ടർ ഗ്രൗണ്ട് ഡക്ടുകൾ വഴി ഇലക്ട്രിക് കേബിളുകൾ വലിക്കുകയും ഫീഡർ പില്ലറുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കുകയും ചെയ്തു. വിവിധ സർവീസ് ദാതാക്കളുടെ കേബിളുകളും ഡക്ടുകളിലൂടെ വഴിമാറ്റിയിട്ടുണ്ട്. ഓടകളും സ്വീവേജും നവീകരിച്ചിട്ടുണ്ട്.