കോഴിമുട്ടയുമായിവന്ന പിക്ക്അപ് മറിഞ്ഞു: 15000ത്തോളം മുട്ടകൾപൊട്ടി റോഡിലൊഴുകി
1540723
Tuesday, April 8, 2025 2:35 AM IST
വിഴിഞ്ഞം: വിതരണത്തിന് കോഴി മുട്ടയുമായി വന്ന പിക്ക്അപ് മിനിലോറി ബൈപ്പാസിൽ ഡിവൈഡറിൽ തട്ടിമറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. പതിനയ്യായിരത്തോളം മുട്ടകൾ പൊട്ടി റോഡിലൂടെ ഒഴുകി. നിരവധി ഇരുചക്ര വാഹനങ്ങൾ തെന്നിവീണു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ കോവളം - കാരോട് ബൈപ്പാസിൽ വേങ്ങപ്പൊറ്റയിലായിരുന്നു അപകടം. തമിഴ്നാട് ചൂഴാലിൽ പ്രവർത്തിക്കുന്ന എക്യൂ ഫാം എന്ന സ്ഥാപനത്തിൽ നിന്നു മുട്ടയുമായി വരുന്നതിനിടയിൽ വാഹനം ഡിവൈഡറിൽ തട്ടി തെന്നി മറിയുകയായിരുന്നു. വീഴ്ച്ചയിൽ ഡ്രൈവർ ചൂഴാൽ സ്വദേശി മധു (40)വിന് കൈക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടകൾ പൊട്ടി ഒഴുകിയതോടെ റോഡ് അപകടക്കെണിയായി മാറി. നിരവധി ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ് പോലീസും, എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. വിഴിഞ്ഞത്തുനിന്നും എത്തിയ ഫയർഫോഴ്സ് സംഘം മൂന്നു മണിക്കൂറോളം കഠിനപ്രയത്നം നടത്തി വെള്ളമടിച്ച് കഴുകി റോഡ് വൃത്തിയാക്കിയതിനാൽ അപകടം ഒഴിവാക്കി. ഫയർ സ്റ്റേഷൻ എഎസ്ടി ഒ ഹരേഷ് കുമാർ, ഗ്രേഡ് എഎസ്ടിഒ വിനോദ് കുമാർ, ഫയർ ഓഫീസർമാരായ രാജേഷ്, ബിജു, രതീഷ്, സുരേഷ് ഹോം ഗാർഡുമാരായ സദാശിവൻ, സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൃത്തിയാക്കൽ.