ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം നടത്തി
1540713
Tuesday, April 8, 2025 2:34 AM IST
തിരുവനന്തപുരം : മാലിന്യമുക്ത നവകേരളം ജനകീയ ക്യാന്പയിൻ ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. മാലിന്യ പരിപാലന രംഗത്ത് ജില്ലയിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യ ക്ഷന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങളുടെ മാലിന്യം സംസ്കരിക്കുകയെന്നുള്ളത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണെന്നുള്ള ധാരണ മാറേണ്ടതുണ്ടെന്നും മാലിന്യ മുക്ത പ്രഖ്യാപനത്തോടുകൂടി ജില്ല സന്പൂർണമായി മാലിന്യമുക്തമായിയെന്നു കരുതാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ നാളുകളായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങൾ, ജനപ്രതിനിതികൾ, വിവിധ സന്നദ്ധ പ്രവർത്തക സംഘടനകൾ എല്ലാവരുടെയും കൂട്ടായ പ്രവർത്തനം നടത്തുന്നു ണ്ട്. ഈ മാലിന്യ മുക്ത അന്തരീക്ഷം നിലനിർത്തണമെങ്കിൽ ഇതൊരു തുടർ പ്രവർത്തനമണെന്ന ചിന്തയും മനസ്സിൽ വാശിയും വേണമെന്നും മന്ത്രി പറഞ്ഞു.
വെള്ളയന്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാൻ അഡ്വ: ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ അനുകുമാരി ജില്ലാതല റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു കാണുന്നതിൽ അഭിമാനമുണ്ടെന്നും കളക്ടറെന്ന പദവിയിലിരിക്കെ ജില്ലയെ മാലിന്യമുക്തമായി തുടരാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാതല സ്റ്റാറ്റസ് അവതരണ വേളയിൽ ജില്ലാ കളക്ടർ പറഞ്ഞു.