പുല്ലുവിള ഫൊറോന മൂന്നാമത് ബൈബിള്‍ കണ്വന്ഷന് ഇന്നു മുതല്‍
1540712
Tuesday, April 8, 2025 2:34 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരുപത പുല്ലുവിള ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുല്ലുവിള ഫൊറോന മൂന്നാമത് ബൈബിള്‍ കണ്വന്ഷന് - കൃപാഭിഷേകം ഇന്നു മുതല്‍ ഈ മാസം 12 വരെ സംഘടിപ്പിക്കും.
വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെ പുല്ലുവിള കടല്‍ തീരത്തു നടക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. ഡൈസണ്‍ യേശുദാസ്, കണ്‍വീനര്‍ പുല്ലുവിള വികാരി ഫാ. ആന്റണി, കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഡെന്‍സണ്‍ ജൂസ, ഫെറോന കരിസ്മാറ്റിക്ക് കോ-ഓര്‍ഡിനേറ്റര്‍ ഷാര്‍ളറ്റ് മേരി എന്നിവര്‍ അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഢാസഹനവും കുരിശുമരണവും ഉയിര്‍പ്പും അനുസ്മരിക്കുന്ന വിശുദ്ധ വാരാചരണത്തിനുമുന്നോടിയായി പുല്ലുവിള ഫെറോനാ നടത്തുന്ന മൂന്നാമത് ബൈബിള്‍ കണ്‍വന്‍ഷനില്‍ രണ്ടു ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
അന്തര്‍ദേശീയ ബൈബിള്‍ പ്രഘോഷകനും വിടുതല്‍ ശുശ്രുഷകനുമായ ഫാ. ഡോമിനിക് വാളന്മനാലാണ് ബൈബിള്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്നത്. നാളെ വൈകുന്നേരം നാലിന് ജപമാലയോടെ കണ്വന്ഷൻ ആരംഭിക്കും. 4.30ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് അദ്ദേഹം കണ്വന്ഷന് വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠിക്കും.
തുടര്‍ന്നു ഫാ.ഡോമിനിക് വാളന്മനാല് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും വിടുതല്‍ ശുശ്രുഷയും നടത്തും. കണ്വന്ഷന് സമാപന ദിവസമായ 12നു വൈകുന്നേരം 4.30ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ.ആര്. ക്രിസ്തുദാസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സമാപന സന്ദേശം നല്‍കും.
എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി 9.30 വരെ ഫാ. ഡോമിനിക് വാളന്മനാല് നയിക്കുന്ന ദൈവവചന പ്രഘോഷണം, കൃപാഭിഷേക ശുശ്രുഷ, വിടുതല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തുന്ന രോഗികള്‍ക്കു പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കണ്വന്ഷന് ദിനങ്ങളിലെ സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനും പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.