വിഷുവിനെ വരവേല്‍ക്കാൻ ശ്രീകൃഷ്ണശില്‍പ്പങ്ങള്‍
1540711
Tuesday, April 8, 2025 2:34 AM IST
നെയ്യാറ്റിന്‍കര: വിഷുവിനു ദിവസങ്ങള്‍ക്കു മുന്‍പേ ശ്രീകൃഷ്ണ ശില്‍പ്പങ്ങളുടെ വിൽപന പാതയോരങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. അരിയും നെല്ലും വാല്‍ക്കണ്ണാടിയും ഫലങ്ങളും കണിവെള്ളരിയും കണിക്കൊന്നയുമെല്ലാം നിരത്തിയാലും ശ്രീകൃഷ്ണ ശില്പ്പമില്ലാതെ മലയാളി വിഷു ആഘോഷിക്കാറില്ല. അതുകൊണ്ടുതന്നെ പതിവു തെറ്റിക്കാതെ അതിഥി സംസ്ഥാന കലാകാരന്മാര് ശ്രീകൃഷ്ണന്റെ വിവിധ രൂപങ്ങള്‍ വില്പ്പനയ് ക്കെത്തിച്ചിരിക്കുകയാണ്.
നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തിനു മുന്‍വശത്തായി ഈ മാസം തുടക്കത്തിലേ ശ്രീകൃഷ്ണശില്‍പ്പങ്ങള്‍ നിരന്നു. പൊള്ളുന്ന ചൂടിന്റെ അസ്വസ്ഥതയില്‍നിന്നു രക്ഷപ്പെടാന്‍ വില്‍പ്പനക്കാര്‍ തൊട്ടരികിലെ തണലില്‍ അഭയം തേടുമെങ്കിലും ശ്രീകൃഷ്ണശില്‍പ്പങ്ങള്‍ വെയിലത്ത് വെട്ടിത്തിളക്കമോടെ കാഴ്ചക്കാരെ വരവേല്‍ക്കുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ രൂപപ്പെടുത്തുന്ന കമനീയ ശില്‍പ്പങ്ങള്‍ക്ക് പല വിലയാണ് നിശ്ചയിച്ചിട്ടുള്ളത്.
150 രൂപ മുതല്‍ 1500 രൂപ വരെ വിലയുള്ള ശില്പ്പങ്ങള് ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഏറെ നേരം വില പേശുമെങ്കിലും ചിലര്‍ താത്പര്യമില്ലാതെ തിരിച്ചു പോകാറുണ്ടെന്നതും വില പേശുവാനായി മാത്രം വരുന്നവര്‍ കുറവല്ലെന്നതും പച്ചപരമാര്‍ഥം. നിലവില്‍ കാര്യമായ തോതില്‍ വില്‍പ്പന നടക്കുന്നില്ല. വിഷുവിന് ഒന്നോ രണ്ടോ നാള് മാത്രം ബാക്കിയിരിക്കെയാണ് ശ്രീകൃഷ്ണ ശില്‍പ്പ വില്‍പ്പന സാധാരണ കാര്യക്ഷമമാകാറുള്ളത്.
അതിഥി സംസ്ഥാനങ്ങളില്‍നിന്നും കുടുംബത്തോടെ ഇവിടെത്തി ശില്‍പ്പനിര്‍മാണവും വില്‍പ്പനയുമെല്ലാം ഉപജീവനമാക്കിയവര്‍ തിരുവനന്തപുരം ജില്ലയില്‍ തന്നെ പലയിടത്തുമുണ്ട്. അച്ചില്‍ രൂപപ്പെടുത്തിയെടുക്കുന്ന ശില്‍പ്പങ്ങള്‍ക്കു നിറം പിടിപ്പിക്കല്‍ അടക്കമുള്ള അനുബന്ധ പ്രവൃത്തികള്‍ ചെയ്ത് കൂടുതല്‍ മനോഹരമാക്കുന്നതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.
സ്വന്തം ലേഖകന്‍