അവധിക്കാല ക്യാന്പുകള്‍ തുടരുന്നു
1540710
Tuesday, April 8, 2025 2:34 AM IST
നെയ്യാറ്റിന്‍കര: താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്യാന്പുകള്‍ പുരോഗമിക്കുന്നു.
നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി ലൈഫ് ഫൗണ്ടേഷന് കേരളയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ക്യാന്പില്‍ ചിത്രരചന, സംഗീതം, ലളിതം ഗണിതം, ക്ലേ മോഡലിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയ്ക്കു പുറമേ കൗണ്‍സിലിംഗ് അടക്കം നിരവധി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫൗണ്ടേഷന് ഓഫീസ് പരിസരത്തു തന്നെയാണ് ക്യാന്പ് ഒരുക്കിയിട്ടുള്ളത്.
അഞ്ചു മുതല്‍ 19 വയസുവരെയുള്ളവരാണ് ക്യാന്പ് അംഗങ്ങള്‍. റവ. സി.പി. ജസ്റ്റിന്‍ജോസ്, കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രഫ. എസ്.ജി. ബീനാമോള്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശത്തില്‍ നടത്തുന്ന ക്യാന്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ കാര്‍ട്ടൂണിസ്റ്റും മൈന്‍ഡ് പബ്ലിക്ക മാനേജിംഗ് ഡയറക്ടറുമായ ഹരി ചാരുതയാണ്. സമൂഹത്തിലെ വ്യത്യസ്ത കര്‍മ മേഖലകളിലുള്ള പ്രമുഖരും പ്രശസ്തരും ക്യാന്പ് അംഗങ്ങളുമായി സംവദിക്കാനെത്തുമെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു.
"അറിവിന് വെളിച്ചത്തിലൂടെ മുന്നേറാം' എന്ന ആശയം മുന്‍നിറുത്തി അരുവിപ്പുറം ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍ അരുവിപ്പുറം മഠത്തിലാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല സഹവാസ ക്യാന്പ് ക്രമീകരിച്ചിരിക്കുന്നത്. വേനല്നിലാവ് എന്ന ശീര്‍ഷകത്തിലുള്ള ക്യാന്പിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ കൂടിയായ സ്വാമി സാന്ദ്രാനന്ദ നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ ഗംഗ, പിടിഎ പ്രസിഡന്റ് ജഗത്ത്, ക്യാന്പ് കോ-ഓര്‍ഡിനേറ്റര്‍ ദീപ്തി വിജയന് എന്നിവര്‍ ക്യാന്പിനു നേതൃത്വം നല്കുന്നു.
കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി ആനന്ദകലാകേന്ദ്രം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ള ക്യാന്പ് നയിക്കുന്നത് പ്രശസ്ത ശില്‍പ്പിയും ചിത്രകാരനും കവിയും പരിസ്ഥിതി സംരക്ഷകനുമായ കാഞ്ഞിരംകുളം വിന്‍സന്റാണ്. മൂന്നര പതിറ്റാണ്ടിലേറെയായി എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി അവധിക്കാല ക്യാന്പ് സംഘടിപ്പിച്ചു വരുന്നു. നാലു മുതല്‍ 15 വയസു വരെയുള്ളവര്‍ക്കാണ് രണ്ടു മാസത്തെ ക്യാന്പില്‍ പ്രവേശനം. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാന്പ്. ചിത്രകല, ശില്‍പ്പകല, സംഗീതം, നൃത്തം, യോഗ, ധ്യാനം, പരസ്യകല, പുഷ്പസംവിധാനം, വ്യക്തിത്വവികസനം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ ക്യാന്പിലുള്പ്പെടുത്തിയിട്ടുണ്ട്.