ആഘോഷമൊരുക്കി സമ്മർ കാർണിവൽ വരുന്നു
1534490
Wednesday, March 19, 2025 6:34 AM IST
തിരുവനന്തപുരം: അവധിക്കാലത്തെ ആഘോഷമാക്കാൻ ഈ മാസം 28 മുതൽ ഏപ്രിൽ ആറു വരെ കനകക്കുന്നിൽ സമ്മർ കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും നേരം ചെലവഴിക്കാനുതകുന്ന നിരവധി ഗെയിമുകളും കലാപരിപാടികളും പ്രദർശനങ്ങളുമാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. വൈകുന്നേരം നാലു മുതൽ രാത്രി പത്തു വരെയാണ് പരിപാടികൾ.
അവധിയുടെ തുടക്കസമയത്തുതന്നെ കുട്ടികളെ മൊബൈൽ ഫോണ്‍പോലുള്ള ഉപകരണങ്ങളിൽ നിന്ന് മോചിപ്പിച്ച് കളിച്ചുചിരിച്ചുല്ലസിക്കാനുതകുന്ന യാഥാർഥ്യ ലോകത്തേക്ക് എത്തിക്കുന്നതിന് ഉപയുക്തമായ ഗെയിം സോണുകളാണ് സമ്മർ കാർണിവലിനോടനബന്ധിച്ച് ഒരുക്കുന്നത്. രാജസ്ഥാന്റെ കലാസാംസ്കാരിക പാരന്പര്യത്തെ അനാവരണം ചെയ്യുന്ന എൻചാന്റിംഗ് രാജസ്ഥാൻ, കാർണിവൽ മാജിക്, കാർണിവൽ ഗെയിമിംഗ് ഏരിയ, കിഡീസ് ലാൻഡ്, ഷോപ്പിംഗ് സോണ്‍, ഫുഡ് സോണ്‍, സ്ട്രീറ്റ് ഇല്യൂഷൻ, ഫയർ ഡാൻസ്, എൽഇഡി ഡാൻസ്, ആഫ്രിക്കൻ ബാൻഡ്, ഇന്ററാക്ടീവ് വർഷോപ്പുകൾ തുടങ്ങി മേഖലകളായി തിരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഒന്നിലേറെ മിനി സ്റ്റേജുകളിലായി ചെറിയ കലാപരിപാടികളുമുണ്ടാകും. ഗെയിമിംഗ് സോണുകളിലുൾപ്പെടെ എൽഇഡി സ്ക്രീനുകളോ മറ്റുതരത്തിലുള്ള സ്ക്രീനുകളോ ഉണ്ടാകില്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുതകുന്ന വ്യത്യസ്തങ്ങളായ പരിപാടികളാകും ഗെയിമിംഗ് സോണിലുണ്ടാകുക.
മൈത്രി അഡ്വർടൈസിംഗ് വർക്സ് സംഘടിപ്പിക്കുന്ന സമ്മർ കാർണിവലിനോടനുബന്ധിച്ച് ട്രേഡ് ഫെയറിലും ഫുഡ് ഫെസ്റ്റിലും സ്റ്റാളുകൾ സജ്ജമാക്കാൻ താൽപര്യപ്പെടുന്നവർ 974750 2528 നന്പറിൽ ബന്ധപ്പെടണം.