സപ്ലൈകോ ജീവനക്കാരെ കയറ്റിറക്ക് തൊഴിലാളികള്‍ മര്‍ദിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍
1534115
Tuesday, March 18, 2025 6:03 AM IST
വലിയതുറ: സപ്ലൈകോ വലിയതുറ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികളുടെ മര്‍ദനത്തില്‍ മൂന്നുജീവനക്കാര്‍ക്ക് പരിക്കേറ്റെന്ന പരാതിയില്‍ ഒരാളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.
വള്ളക്കടവ് വിദ്യാ ഗാര്‍ഡനില്‍ ഫൈസല്‍ ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎന്‍ടിയുസി തൊഴിലാളിയാണ്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടുകൂടിയായിരുന്നു സംഭവം നടന്നത്. വലിയതുറ ഡിപ്പോ മാനേജര്‍ ബിജു, ജീവനക്കാരനായ സന്തോഷ്, പോത്തന്‍കോട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ വിഷ്ണുപ്രസാദ് എന്നവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റതായി പോലീസില്‍ പരാതി നല്‍കിയത്. സംഭവ ദിവസം പോത്തന്‍കോട് സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരായ വിഷ്ണു കേടായ സാധനങ്ങള്‍ തിരികെ നല്കാന് എത്തിയതായിരുന്നു.
25 കിലോയോളം ശര്‍ക്കരയും ഏതാനും കവര്‍ വെളിച്ചെണ്ണ പായ്ക്കറ്റുകളുമായിരുന്നു തിരികെ എത്തിച്ചത്. കാറില്‍ എത്തിച്ച സാധനത്തിന് ഇറക്കുകൂലി നല്‍കാമെന്നു പറഞ്ഞിട്ടും തൊഴിലാളികള്‍ തര്‍ക്കിച്ചതിനെ തുടര്‍ന്നു തിരികെ കാറില്‍ കയറാന്‍ ശ്രമിച്ച വിഷ്ണുവിനെ അഞ്ചുപേര്‍ ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു തടയാനെത്തിയപ്പോഴാണ് സന്തോഷിനും ബിജുവിനും മര്‍ദനമേറ്റത്.
കേസിലുള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. വലിയതുറ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ഇന്‍സമാം, അജേഷ്കുമാര് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഫൈസല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.