കാട്ടാക്കടയിൽ അമിതവേഗതയിൽ വന്ന കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു
1533904
Monday, March 17, 2025 7:13 AM IST
കാട്ടാക്കട : അമിത വേഗതയിൽ വന്ന കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു. കാർ തലകീഴായി മറിഞ്ഞു. ഇന്നലെ പൂലർച്ചെ 12നാണ് അപകടം. മാറനല്ലൂർ ഭാഗത്ത് നിന്നും വന്ന കാർ കൊറ്റംപള്ളിയിലെ റോഡ് വക്കിലുള്ള സുധാകരന്റെ വീടിന്റെ മതിലിൽ ഇടിച്ചു തകർക്കുകയായിരുന്നു.
അമിത വേഗതയിൽ വന്ന കാർ മതിലിന്റെ മുൻഭാഗം തകർക്കുകയും കാർ തലകീഴായി മറിയുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ അടക്കം ഉണർന്നപ്പോഴാണ് കാർ തലകീഴായി മറിഞ്ഞ നിലയിൽ കണ്ടത്. ഉടൻ ഇവർ കാട്ടാക്കട പോലീസിനെ വിവരം അറിയിച്ചു.
കാട്ടാക്കട പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തി. പ്ലാവൂർ സിഎസ്ഐ ചർച്ചിനടുത്ത് താമസിക്കുന്ന സൈനികനായ ഹിറോഷാണ് വാഹനമോടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇവരെ പോലീസ് തന്നെ ആശുപത്രിയിലേക്ക് മാറ്റി. കാർ പൂർണമായും തകർന്നു.
കാറിന്റെ ടയർ പൊട്ടിത്തെറിച്ച് അടുത്തുള്ള റോഡിലേയ്ക്ക് വീണു. കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി. മതിൽ തകർന്നതിനെ തുടർന്ന് വീട്ടുടമ മാറനല്ലൂർ പോലീസിൽ പരാതി നൽകി. കാർ വന്നത് അപകട ഭീതി ഉയർത്തും വിധമെന്ന് പോലീസ് പറഞ്ഞു. കാർ ഓടിച്ച സൈനികനെ ജാമ്യം നൽകി വിട്ടയച്ചു.