ഫർസാനയെയും അഹ്സാനെയും കൊന്നത് വിശദീകരിച്ച് അഫാൻ
1534485
Wednesday, March 19, 2025 6:34 AM IST
തെളിവെടുപ്പ് പൂർത്തിയായി
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ തെളിവെടുപ്പ് പൂർത്തിയായി. അനുജൻ അഹ്സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട് ഉൾപ്പെടെ ഏഴു സ്ഥലങ്ങളിലാണ് തെളിവെടുത്തത്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന ഇന്ന് അഫാനെ കോടതിയിൽ ഹാജരാക്കും.
ആദ്യം ഫർസാനയെയും അഹ്സാനെയും ക്രൂരമായി കൊലപ്പെടുത്തിയ, ഉമ്മ ഷമിയെ ജീവച്ഛവമാക്കിയ പേരുമലയിലെ സ്വന്തം വീട്ടിലേക്ക്. ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ സ്വന്തം വീട്ടിൽവച്ച് ക്രൂരതകൾ അഫാൻ പോലിസിനു വിവരിച്ചു നൽകി.
തുടർന്നു സ്വർണമാല പണയംവച്ചു ധനകാര്യ സ്ഥാപനത്തിലേക്ക്. അവിടെനിന്നു ചുറ്റികയും അതിടാൻ ബാഗ് വാങ്ങിയ കടകളിലേക്ക്. കൊലകൾക്കിടയിൽ സിഗരറ്റ്, പെപ്സി, മുളക് പൊടി, എലിവിഷം തുടങ്ങിയവ വാങ്ങിയ കടകളിലേക്കും അഫാനെയും കൊണ്ട് പോലീസ് പോയി. ഏറ്റവും ഒടുവിൽ സുഹൃത്ത് ഫർസാനയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ഇടത്തും തെളിവെടുത്തു.
തുടർന്നു പ്രതിയെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്കു തിരിച്ചുകൊണ്ടുപോയി. മൂന്നുദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക്. മാതാവ് ഷെമി പഴയ മൊഴിയിൽ ഉറച്ചുനിൽക്കുന്നത് കേസിനെ ബാധിക്കില്ലെന്നതാണ് വിലയിരുത്തൽ.