ലഹരിസംഘത്തിന്റെ ആക്രമണം: എസ്ഐക്കു മർദനമേറ്റു
1534117
Tuesday, March 18, 2025 6:03 AM IST
നേമം: ലഹരി സംഘം നടത്തിയ ആക്രമണത്തില്‍ എസ്ഐയ് ക്കു മർദനമേറ്റു. നേമം പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലുതകര്‍ക്കുകയും ചെയ്തു. വാഹന പരിശോധന നടത്തുകയായിരുന്ന കണ്ട്രോള് റൂമിലെ പോലീസ് സംഘത്തിനുനേരെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയടക്കം രണ്ടുപേരെ നേമം പോലീസ് അറസ്റ്റു ചെയ്തു.
കരിമഠം കോളനിയില്‍ ശ്രീക്കുട്ടനെന്നു വിളിക്കുന്ന പ്രവീണ്‍ (19), പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് പ്രവീണ്‍. ഞായറാഴ്ച രാത്രി പന്ത്രണ്ടോടുകൂടി പാപ്പനംകോട് ജംഗ്ഷനിലായിരുന്നു സംഭവം. സംഘം പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തശേഷം സമീപത്തെ തട്ടുകടയില്‍ കയറി ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ നേമം പോലീസ് ഇരുവരെയും ജീപ്പില്‍ കയറ്റി പോലീസ് സ്റ്റേഷനിലെത്തിച്ചു.

അവിടെവച്ചു ജീപ്പില്‍ നിന്നും ഇറങ്ങുന്നതിനിടെ പോലീസ് ജീപ്പിന്റെ ചില്ല് പ്രതികളിലൊരാള്‍ കൈ കൊണ്ടു ഇടിച്ചു തകര്‍ക്കുകയും ചെയ്തു. കൈയ്ക്ക് പരിക്കേറ്റ പ്രതിയെ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതി കൂടുതല്‍ ആക്രമാസ്കതനായതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അവിടെവച്ചും കൂട്ടിരിപ്പുകാരെയും രോഗികളെയും അസഭ്യം പറയുകയും അക്രമത്തിനു ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണു പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.