കൊല്ലമലയത്ത് മാലിന്യം കത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
1534098
Tuesday, March 18, 2025 5:59 AM IST
നെടുമങ്ങാട് : നഗര പ്രദേശത്ത് നിന്നുള്ള ഭക്ഷ്യ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ജനവാസ മേഖലയിൽ തള്ളി കത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.മുളമുക്ക് - വേങ്കോട് റോഡിൽ കൊല്ലമലയത്താണ് സംഭവം.
നാല് ഭാഗത്തും ജനവാസ മേഖലയിലെ തുറസായ ഭാഗത്താണ് മാലിന്യം തള്ളിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മാലിന്യം കൊണ്ട് തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം ഒഴിഞ്ഞ കിണറ്റിലിട്ട് കത്തിക്കുകയായിരുന്നു. പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നെടുമങ്ങാട് പോലീസിനെയും കരകുളം പഞ്ചായത്തിനെയും വിവരം അറിയിച്ചു.
തുടർന്ന് ഇവരെത്തി മാലിന്യം കൊണ്ട് തള്ളിയ റിയാസ് എന്നയാളെ പിടികൂടി. മാലിന്യം തള്ളിയ സ്ഥലം റിയാസിന്റെ പേരിലുള്ളതാണ്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കത്തി കൊണ്ടിരുന്ന മാലിന്യം അണച്ച ശേഷം ബാക്കി ഉണ്ടായിരുന്ന 100ഓളം വരുന്ന ചാക്ക് മാലിന്യം മാറ്റാനുള്ള നടപടിയും സ്വീകരിച്ചു.